Friday, November 03, 2006

‘ദി നോട്ട് ബുക്ക്’‌



മറവി രോഗവും പ്രണയവും സ്നേഹബന്ധങ്ങളും ഉള്‍പ്പെടുത്തിയുള്ള സിനിമകള്‍ പുതുമയല്ല.

ഇത്തരത്തിലുള്ള, ആദ്യം ഓര്‍മ്മ വരുന്ന ചിത്രം 'തന്മാത്ര' ആയിരിക്കും. തന്മാത്രയെപ്പറ്റി എന്തുമാത്രം വിവാദങ്ങളുണ്ടായിരുന്നാലും, ഈ ചിത്രം കണ്ടിട്ട്‍, സ്നേഹബന്ധങ്ങളുടെ ഊഷ്മളത ഓര്‍മ്മവരാത്തവര്‍ ഉണ്ടാവില്ല.

മറ്റൊരെണ്ണം, ‘ഇന്നലെ’ എന്ന മനോഹരമായ പദ്മരാജന്‍ ചിത്രം. ഇതിലും, സ്നേഹിക്കുന്നവളുടെ സന്തോഷത്തിനു വേണ്ടി അവളെത്തന്നെ ത്യജിയ്ക്കാന്‍ തയ്യാറാകുന്ന അവസാനരംഗം അങ്ങേയറ്റം ഹൃദയസ്പര്‍ശിയാണ്.

പെട്ടെന്നോര്‍മ്മ വരുന്ന മറ്റൊരു ചിത്രമാണ് ആഡം സാന്‍ഡ്-ലറും ഡ്രൂ ബെറിമൂറും അഭിനയിച്ച ‘50 ഫസ്റ്റ്‌ ഡേറ്റ്സ്‌'. മറവിരോഗം ബാധിച്ച നായികയുള്‍പ്പെട്ട ഒരു റൊമാന്റിക്‌ കോമഡി എന്നതിലുപരി, ഈ ചിത്രം പ്രണയത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്ന ഒന്നായിരുന്നില്ല.

ഈ ചിത്രങ്ങളോരൊന്നും അവയുടേതായ പ്രത്യേകതകള്‍ നിലനിര്‍ത്തുമ്പോള്‍, വ്യത്യസ്തമായ ഒരു പ്രണയചിത്രം ഇപ്പോഴും മനസ്സില്‍ അനുരണനങ്ങളുയര്‍ത്തുന്നു. ‘ദി നോട്ട് ബുക്ക്‘. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക്‌, അതിന്റെ സുഖം നിറഞ്ഞ ഗൃഹാതുരതയും ചെറുവേദനയും ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രം.

വര്‍ഷം - 2004
സംവിധാനം - നിക്ക്‌ കാസവെറ്റ്സ്‌
റേറ്റിംഗ്‌ - പീ.ജീ 13

'നിക്കോളാസ്‌ സ്പാര്‍ക്‌'-ന്റെ ‘ദി നോട്ട് ബുക്ക്‌‘ എന്ന നോവല്‍ ഏതാണ്ടതേപടി, അതേ പേരില്‍, മനോഹാരിതയൊട്ടും നഷ്ടപ്പെടാതെ, ചലച്ചിത്രമാക്കിയതാണ് ഈ ചിത്രം. സിനിമ കണ്ടതിനു ശേഷം നോവല്‍ വായിച്ചതിനാലാകാം, സിനിമയാണ് കൂടുതല്‍ സ്വാധീനിക്കുന്നതായി തോന്നിയത്; നോവലില്‍ നിന്നും വളരെ നിസ്സാരമായ ചില മാറ്റങ്ങളേ സിനിമയിലുള്ളൂ എങ്കിലും.

പ്രായം ചെന്ന ഒരു മനുഷ്യന്‍, എല്ലാ ദിവസവും ഒരു നേഴ്സിംഗ്‌ ഹോമില്‍ ചെന്ന്, ഭാഗികമായി ഓര്‍മ്മ നഷ്ടപ്പെട്ട ഒരു സ്ത്രീയ്ക്ക്‌, ഒരു പഴകിയ നോട്ടുബുക്കില്‍ നിന്ന് ഏതോ കഥ വായിച്ചുകൊടുക്കുന്നതാണ് ചിത്രത്തിന്റെ തുടക്കം. സ്ത്രീയുടെ ഓര്‍മ്മശക്തി അനുദിനം നഷ്ടപ്പെട്ടുകൊണ്ടുമിരിക്കുന്നു.



വായിച്ചുകൊടുക്കുന്ന കഥയില്‍, മാതാപിതാക്കളുടെ എതിര്‍പ്പു മൂലം വേര്‍പിരിക്കപ്പെട്ട രണ്ട്‌ യുവ കമിതാക്കളാണ് പ്രധാനകഥാപാത്രങ്ങള്‍. ‘നോഹ‘യും ‘ആലി‘യും. സ്വന്തമായി, 200 വര്‍ഷം പഴക്കമുള്ളൊരു വലിയ വീടു മാത്രമുള്ള നോഹയും എലീറ്റ് ക്ലാസ്സില്‍ പെട്ട ആലിയും.

ഒരു വേനല്‍ക്കാലം ചിലവഴിക്കാന്‍ മാത്രം നോഹയുടെ ഗ്രാമത്തിലെത്തുന്ന ആലി നോഹയുമായി പ്രണയത്തിലാകുന്നു.

സകല ശക്തിയുമുപയോഗിച്ച്‌ സകലരുമെതിര്‍ത്തിട്ടും ആ അവധിക്കാലം നോഹയ്ക്കും ആലിയ്ക്കും പ്രണയത്തിന്റെ മറക്കാനാവാത്ത ദിനങ്ങളായി മാറുന്നു. നോഹയ്ക്ക് പൈതൃകമായി കിട്ടിയ ആ വലിയ വീടും ചുറ്റുപാടുമുള്ള മനോഹരമായ പ്രകൃതിയും അവരുടെ പ്രണയത്തിന് രംഗമാകുന്നു. ഒടുവില്‍ പക്ഷേ, എതിര്‍പ്പുകളെ അതിജീവിക്കാനാകാതെ അവര്‍ക്ക്‌ പിരിയേണ്ടി വരുന്നു.

ഏഴുവര്‍ഷങ്ങള്‍ കൊണ്ട് ധാരാളം മാറ്റങ്ങള്‍. നോഹ, 2-ആം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സൈനികനാവുകയും, പിന്നീട് സേവനം അവസാനിപ്പിച്ച് തിരികെ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. പിന്നെയുള്ള സമയം, ആലിയുമായുള്ള പ്രണയത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ആ വലിയ വീട് കാലാനുസൃതമായി, ഒറ്റയ്ക്ക് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നു.



200 വര്‍ഷം പഴക്കമുള്ള ആ വീട്, നോഹ പുതുക്കിപ്പണിതതിനെപ്പറ്റി ഒട്ടേറെ ഗുണഗണങ്ങള്‍ ആലി അറിയാനിട വരികയും ആ വീടെങ്കിലും സ്വന്തമാക്കണമെന്ന ഉദ്ദേശത്തില്‍ ആലി നോഹയുടെ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. അവിടെ, ഈ വീടിനെ ചുറ്റിപ്പറ്റി അവളുടെ ഓര്‍മ്മകള്‍ അയവിറക്കി നിരാശനായി കഴിയുന്ന നോഹയെയാണ് കാണുന്നത്‌.

ഊഹിക്കാവുന്നതുപോലെ, അവരുടെ പ്രണയം വീണ്ടും ആളിക്കത്തുന്നു.

ഇപ്പോള്‍ നോഹയെ തന്റെ ജീവിതത്തിലേയ്ക്ക്‌ തിരിച്ചുകൊണ്ടുവരണോ അതോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ ഉറച്ചുനില്‍ക്കണമോ എന്ന സന്ദേഹത്തിലാണ്‍ ആലി.

ആലിയുടെ തീരുമാനം എന്താവും, കഥ വായിച്ചുകൊടുക്കുന്ന വൃദ്ധനും ആലിയും തമ്മിലുള്ള ബന്ധം എന്താണ്, ആലിയുടെയും നോഹയുടെയും പ്രണയസ്മൃതികളുറങ്ങുന്ന ആ വലിയ വീടിനെന്ത് സംഭവിക്കുന്നു ...

ശേഷം വെള്ളിത്തിരയില്‍...

മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ, ഇത്തരം പ്രണയകഥകള്‍ നമുക്കു പുതുമയല്ലായിരിക്കാം. സ്റ്റോറി ലൈന്‍ വായിച്ചിട്ട്‌ ഒരു 'പൈങ്കിളിത്തം' ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അത്‌ ഈ എന്റെ എഴുത്തിന്റെ പരാജയമായി കണക്കാക്കിയാല്‍ മതി. ഈ ചിത്രം എനിക്കിഷ്ടപ്പെടാനുള്ള മറ്റൊരു കാരണം; ഈ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന, പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പുള്ള ലൊക്കേഷനുകളും കഥാസന്ദര്‍ഭങ്ങളും ആണ്.



(photos : from yahoo movies & movie official website)

Thursday, November 02, 2006

നാച്ചോ ലിബ്രേ !

നെപ്പോളിയന്‍ ഡൈനാമൈറ്റിനെപ്പറ്റി സിനിമാനിരൂപണത്തില്‍ അരവിന്ദ്‍ എഴുതിയിരുന്നല്ലോ. ആ ചിത്രത്തിന്റെ പിന്നണിക്കാര്‍ (സംവിധായകന്‍ - ജാരെഡ് ഹെസ്സ്, എഴുത്തുകാര്‍ - മൈക്ക് വൈറ്റ്, ജെറുഷാ ഹെസ്സ്) ഒത്തുകൂടിയ മറ്റൊരു സരസമായ ചിത്രമാണ് ‘നാച്ചോ ലിബ്രേ’. വര്‍ഷം 2006.

നാച്ചോ ലിബ്രേയുടെ ചിത്രങ്ങള്‍ ഇവിടുണ്ട്‌.

നെപ്പോളിയന്‍ ഡൈനാമൈറ്റിനെ പറ്റി അരവിന്ദ് എഴുതിയതു പോലെ, ബുദ്ധിജീവികള്‍ ഒരിത്തിരി അകലം പാലിക്കേണ്ട ചിത്രമാണ് ഇതും. അല്ലാത്തവര്‍ക്ക് വളരെ രസകരമായി ആസ്വദിക്കാവുന്നൊരു കോമഡി.

(നായകനെ അവതരിപ്പിക്കുന്ന ‘ജാക്ക് ബ്ലാക്ക്’ എന്ന നടനെ അറിയാത്തവര്‍ക്ക് വേണ്ടി : ഇദ്ദേഹം‍ കോമഡി-നടന്മാരില്‍ വളരെ പോപ്പുലറാണ്. ഇദ്ദേഹത്തിന്റേതായി പെട്ടെന്ന് ഓര്‍മ്മ വരുന്ന മറ്റൊരു കഥാപാത്രം ‘ഓറഞ്ച് കൌണ്ടി’ എന്ന ചിത്രത്തിലെ നായകന്റെ ചേട്ടനായി വരുന്ന കഥാപാത്രമാണ്. വളരെ ദൂരെയുള്ള കോളേജ് ഹോസ്റ്റലിലേയ്ക്ക് അനിയനെ കൊണ്ടുപോകുന്ന വഴി കാറിലിരുന്ന്, ഭാവിയുടെ അനന്തസാധ്യതകളെ പറ്റി ഈ കഥാപാത്രം നടത്തുന്ന ഒരു പ്രഭാഷണം ഒരിക്കല്‍ കണ്ട് പൊട്ടിച്ചിരിച്ചവര്‍ ഇദ്ദേഹത്തെ മറക്കാനിടയില്ല. കൂടുതലും ഫ്രീക് ഔട്ട് കഥാപാത്രങ്ങളാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്)

കഥ നടക്കുന്ന വളരെ പണ്ട് ആണ്. ഒരു മെക്സിക്കന്‍ സന്യാസ സഭയിലെ അംഗമാണ് ജാക്ക് ബ്ലാക്ക് അവതരിപ്പിക്കുന്ന നായകന്‍ - ‘നാച്ചോ’.

എടുത്തുപറയത്തക്ക സ്കില്ലുകളൊന്നും ഇല്ലാത്ത ഇയാള്‍ പ്രധാനമായും സഭയോടു ചേര്‍ന്നുള്ള ചെറിയ ‍അനാഥ മന്ദിരത്തിന്റെ കുശിനിക്കാരന്‍ (കുക്ക്) ആയി സേവനം അനുഷ്ഠിക്കുന്നു. പക്ഷേ, നാച്ചോയുടേ കുക്കിംഗ് സ്കില്ലിന്റെയും അനാഥ മന്ദിരത്തിന്റെ സാമ്പത്തിക സ്ഥിതിയുടെയും പോരായ്മ കൊണ്ട്, നാച്ചോ വയ്ക്കുന്ന ഭക്ഷണം അനാഥക്കുട്ടികളുടെ ഇടയില്‍ അത്ര പോപ്പുലറല്ല.

കാര്യം കഴിവിത്തിരി കുറവാണെങ്കിലും, അനാഥക്കുട്ടികളോട് വലിയ സ്നേഹമാണ് നാച്ചോയ്ക്ക്. അവര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം നല്‍കണമെന്ന് ആഗ്രഹവുമുണ്ട്. ആയിടയ്ക്കാണ്, തന്നില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു പുതിയ സ്കില്‍ - റെസ്ലിംഗ് - നാച്ചോ കണ്ടെത്തുന്നത്. നമ്മുടെ WWF - ന് സമാനമായ ‘ലൂച്ചാ ലിബ്രേ‘ (free style wresling) എന്ന ഗുസ്തി അക്കാലത്ത് വളരെ പോപ്പുലറാണ്. നല്ല രീതിയില്‍ പണം സമ്പാദിക്കാനുള്ള ഒരു എളുപ്പ വഴിയുമാണ് ലൂച്ചാ ലിബ്രേ.

കൂടാതെ, ഒരു പുതിയ കന്യാസ്ത്രീ - എന്‍കാര്‍ണേസ്യോ (Encarnacion) - ആയിടയ്ക്ക് അനാഥമന്ദിരത്തില്‍ വന്നുചേരുന്നതോടെ, അനാഥര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണത്തിനൊരു എളുപ്പവഴി, കൂടാതെ അതിലൂടെ ഈ സിസ്റ്ററെ ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കുക എന്നീ ഉദ്ദേശങ്ങളോടെ ‘നാച്ചോ’ ഗുസ്തിമത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി ! ഗുസ്തി മത്സരം, സന്യാസ സഭയുടെ നിയമങ്ങള്‍ക്ക് കഠിനമായി വിപരീതമായതിനാല്‍, മുഖം മൂടിയണിഞ്ഞ് രാതികാലങ്ങളില്‍ മാത്രമാണ് നാച്ചോ ഈ ഗുസ്തികളില്‍ പങ്കെടുക്കുന്നത്.

തൂടക്കത്തിലെ ചെറിയ ചില മത്സരങ്ങളില്‍ നാച്ചോ ദയനീയമായി പരാജയപ്പെടുകയും പിന്നീട് ചിലതില്‍ വിജയിക്കുകയും ചെയ്തു. ഇത്തിരി മെച്ചപ്പെട്ട ഭക്ഷണം അനാഥക്കുട്ടുകള്‍ക്ക് കിട്ടിത്തുടങ്ങി. പക്ഷേ, നാച്ചോ അതുകൊണ്ട് തൃപ്തനല്ല.

ഗുസ്തിയില്‍ നിന്ന് കാര്യമായ എന്തെങ്കിലും വരുമാനം തടയണമെങ്കില്‍, സ്ഥലത്തെ പ്രധാന ഗുസ്തിക്കാരനായ ‘രാംസെ’യെ ഗോദായില്‍ ഏറ്റുമുട്ടി തോല്‍പ്പിക്കണം; ഈ വലിയ ടാര്‍ജറ്റ്, താമസിയാതെ നാച്ചോയുടെ തലയില്‍ വന്നു വീഴുന്നു.

നാച്ചോയുടെ രാത്രികാലങ്ങളിലുള്ള ഗുസ്തികളി സന്യാസ-മേലധികാരികള്‍ കണ്ടുപിടിക്കുമോ, നാച്ചോ ഗുസ്തിമത്സരത്തില്‍ രാംസേയേ തോല്‍പ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഈ ചിത്രം കാണുകയോ എനിക്ക് ഈമെയില്‍ അയയ്ക്കുകയോ ചെയ്യുക !

പണ്ടെങ്ങോ മെക്സിക്കോയില്‍ ജീവിച്ചിരുന്ന ഒരു വൈദികന്‍ ഇങ്ങനെ വേഷം മാറി രാതികാലങ്ങളില്‍ ഗുസ്തിമത്സരം നടത്തിയിരുന്നതായും അഗതികളെ സഹായിച്ചിരുന്നതായും കഥകള്‍ ഉണ്ടത്രേ. പക്ഷേ, ഈ മൂലകഥയില്‍ നിന്ന് ഒരു കൊള്ളാവുന്ന കോമഡി ചിത്രം ഉണ്ടാക്കുകയാണ് ‘നെപ്പോളിയന്‍ ഡൈനമിറ്റിന്റെ’ അണിയറക്കാര്‍ ചെയ്തിരിക്കുന്നത്. സരസമായ ചിത്രങ്ങളെ അങ്ങനെ തന്നെ ആസ്വദിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടാവുന്ന ഒരു ചിത്രം.

Wednesday, October 18, 2006

കോര്‍പ്പറേറ്റ്‌

നിര്‍മ്മാണം : സഹാറ വണ്‍ മോഷന്‍ പിക്ചേര്‍സ്‌.
സംവിധാനം : മധുര്‍ ഭണ്ഡാര്‍കര്‍
കഥ, തിരക്കഥ : മനോജ്‌ ത്യാഗി, മധുര്‍ ഭണ്ഡാര്‍കര്‍
സംഭാഷണം : മനോജ്‌ ത്യാഗി, അജയ്‌ മോംഗേ
ക്യാമറ : മഹേഷ്‌ ലിമായേ.
സംഗീതം : സമീര്‍ ഠണ്ടന്‍.

രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, 2004 ഇലെ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോഴാണെന്ന് തോന്നുന്നു, മലയാള വേദിയില്‍ ഒരു ചൂടു സംവാദം നടന്നിരുന്നു. ഇന്ത്യന്‍ മധ്യവര്‍ത്തി സിനിമയുടെ കേന്ദ്രം ഹിന്ദി ഭാഷയിലേക്ക്‌ മാറിയോ എന്നതിനെപ്പറ്റി. മലയാളവും ബംഗാളിയും കയ്യടക്കി വെച്ചിരുന്ന " നല്ല സിനിമകള്‍" എന്ന മുദ്ര, പതുക്കെ ഹിന്ദി സിനിമകളിലേക്ക്‌ മാറാന്‍ തുടങ്ങിയത്‌ നാം കണ്ടു തുടങ്ങിയിട്ട്‌ രണ്ടു മൂന്നു കൊല്ലമായി. തഴക്കവും വഴക്കവും ചെന്ന ഋതുപര്‍ണ്ണ ഘോഷിനേയും ( റെയിന്‍ കോട്ട്‌, ചൊഖേര്‍ ബാലി) ജാഹ്‌നു ബറുവയേയും (മേം നേ ഗാന്ധി കോ നഹിം മാരാ) പോലുള്ള സംവിധായകര്‍ പോലും ഹിന്ദിയിലേക്ക്‌ ചേക്കേറിയ കാലമാണ്‍ ഇത്‌ . അതു കൂടാതെ സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു പറ്റം പുതിയ സംവിധായകരേയും നാം കണ്ടു. ആശുതോഷ്‌ ഗൊവാരിക്കര്‍ (ലഗാന്‍, സ്വദേശ്‌), പ്രദീപ്‌ സര്‍ക്കാര്‍ (പരിനീത), രാജ്‌കുമാര്‍ ഹിറാനി (മുന്നാഭായ്‌ സീക്വലുകള്‍), വിശാല്‍ ഭരദ്വാജ്‌ (മഖ്‌ബൂല്‍, ഓംകാര), ഡോ. ചന്ദ്രപ്രകാശ്‌ ദ്വിവേദി (പിഞ്ജര്‍), ഒനീര്‍ (മൈ ബ്രദര്‍ നിഖില്‍), രേവതി (ഫിര്‍ മിലേംഗേ) തുടങ്ങി ഒട്ടേറെ സംവിധായകര്‍ നല്ല പടങ്ങള്‍ ചെയ്യുകയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അതു കൂടാതെയാണ്‌ കല്‍പ്പനാ ലാജ്‌മി, അപര്‍ണ്ണാ സെന്‍ എന്നിവരുടെ ചിത്രങ്ങളും. അങ്ങിനെ ശരിക്കും ഹിന്ദി സിനിമയില്‍ ഉണ്ടായ ഒരു നവോദ്ധാനത്തിന്റെ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന സംവിധായകനാണ്‌ മധുര്‍ ഭണ്ഡാര്‍കര്‍.

വ്യത്യസ്തമായ, അധികം ആളുകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന, പ്രമേയങ്ങള്‍ നിര്‍ഭയം അവതരിപ്പിക്കുന്നു എന്നതാണ്‌ മധുര്‍ എന്ന സംവിധായകന്റെ പ്രത്യേകത. മധുര്‍ ആദ്യം ചെയ്ത ആന്‍ എന്ന ചിത്രം അധികം ശ്രദ്ധ ഒന്നും നേടിയില്ലെങ്കിലും, സത്ത എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ഇദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. തുടര്‍ന്നു വന്ന "ചാന്ദ്‌നി ബാര്‍" മധുറിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് പറയാം. ഒട്ടേറെ ദേശീയ അവാര്‍ഡുകള്‍ നേടിയ "പേജ്‌ 3" യിലും ഈ വ്യത്യസ്തത പുലര്‍ത്താന്‍ ഈ സംവിധായകനായി.

കോര്‍പ്പറേറ്റ്‌ എന്ന തന്റെ പുതിയ ചിത്രത്തിലും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത വന്‍കിട കമ്പനികളുടെ മത്സരമാണ്‌ മധുര്‍ വരച്ചിടുന്നത്‌. തന്റെ മുഖമുദ്രയായ തുറന്ന സമീപനം ഇതിലും അദ്ദേഹം പാലിക്കുന്നു എന്ന് പറയാതെ വയ്യ. ബോംബേയിലെ വന്‍കിട മുതലാളി കുടുംബങ്ങളായ സെഹ്‌ഗാലുകളും മാര്‍വകളും തമ്മിലുള്ള കിടമത്‌സരമാണ്‌ പ്രതിപാദ്യ വിഷയം. അധികാരം എന്ന മധുരക്കനി കയ്യിലൊതുക്കുന്നതിന്‌ ഇവര്‍ ഏതറ്റം വരെ പോവും എന്ന് കാണിക്കുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു.ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ രംഗത്ത്‌ നിലനില്‍ക്കുന്ന അഴിമതിയും, കാര്യസാധ്യത്തിനായുള്ള പിന്‍വാതില്‍ക്കളികളും, അതിനായി കുടുംബ ബന്ധങ്ങളേയും വിശ്വസ്തരേയും പോലും ബലികൊടുക്കാനുള്ള മടിയില്ലായ്മയും നന്നായി എടുത്തുകാണിച്ചിരിക്കുന്നു. ഭദ്രമായ ഒരു തിരക്കഥ അടിസ്ഥാനമാക്കിയാണ്‌ മധുറിന്റെ കഥ പറച്ചില്‍ വികസിക്കുന്നത്‌. അതുകൊണ്ടു തന്നെ, ഈ പ്രോസസ്സിലുടനീളം പ്രേക്ഷകരെ ഒപ്പം നിര്‍ത്തുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിരിക്കുന്നു മധുര്‍ എന്ന് പറയാതെ വയ്യ.

പേജ്‌ 3 യില്‍ അവലംബിച്ച, കഥയില്‍ അത്ര പ്രാധാന്യമില്ലാത്ത പാത്രങ്ങളെക്കൊണ്ട്‌, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയിക്കുന്ന രീതി ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നു. പേജ്‌ 3 യില്‍ അത്‌ താരങ്ങളുടെ ഡ്രൈവര്‍മാര്‍ ആയിരുന്നുവെങ്കില്‍ ഇവിടെ ഓഫിസ്‌ ബോയ്‌മാര്‍ ആണ്‌ എന്ന വ്യത്യാസം മാത്രം.

സംഗീതം, ക്യാമറ എന്നിവയിലും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്‌. പക്ഷേ ചാന്ദ്‌നി ബാറിലും,( തബു, അതുല്‍ കുല്‍ക്കര്‍ണി) പേജ്‌ 3 യിലും (കൊങ്കണാ സെന്‍) അഭിനേതാക്കളില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ട്‌ കോര്‍പ്പറേറ്റില്‍ ലഭിച്ചോ എന്ന് സംശയം. കേക്കേ, രജത്‌ കപൂര്‍, രാജ്‌ ബബ്ബാര്‍ എന്നിവര്‍ നിരാശപ്പെടുത്തി. മദ്‌ഹോശ്‌ എന്ന ചിത്രത്തിലെ സ്കീസോഫ്രേനിയാക്കിനു ശേഷം ലഭിച്ച കാമ്പുള്ള ഒരു റോള്‍ ബിപാഷ മോശമാക്കിയില്ല എന്നേ പറയാനുള്ളു. എന്തായാലും, ഗ്ലാമര്‍ ഗേള്‍ എന്ന ടാഗിനപ്പുറം അത്യാവശ്യം ശ്രദ്ധിക്കപ്പെടേണ്ട നടിയാണ്‌ താന്‍ എന്ന് ബിപാഷ ഓര്‍മ്മപെടുത്തുന്നു.

മൊത്തത്തില്‍, കാണാവുന്ന ഒരു ചിത്രം. അര്‍ബന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്‌ എന്നത്‌ ഒരു ന്യൂനതയാവില്ലെങ്കില്‍.

എന്റെ റേറ്റിംഗ്‌ : 3 /5.

Tuesday, October 03, 2006

ദ ഡോണ്‍

സംവിധാനം : ഷാജി കൈലാസ്‌
രചന : ജോയ്‌ പള്ളാശ്ശേരി
ഛായഗ്രഹണം : സന്‍ ജ്ജിവ്‌ ശങ്കര്‍
എഡിറ്റിഗ്‌ : ഡോണ്‍ മാക്സ്‌
അഭിനയേതാക്കള്‍ : ദിലീപ്‌ ,ലാല്‍ ഗോപിക

സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്നാണ്‌ പറയാറ്‌. എന്നാല്‍ നല്ല ഒരു സംവിധായകനോ പ്രതിഭാ സമ്പന്നരായ ഒരു പറ്റം സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ മികച്ച പരസ്യ പ്രചരണങ്ങള്‍ക്കോ ഒന്നും ഒരു ദുര്‍ബലനായ നടനേ വച്ച്‌ ഒരു ചിത്രം വിജയിപ്പിക്കാന്‍ കഴിയില്ലാ എന്നതിന്‌ തെളിവാണ്‌ ദി ഡോണ്‍.

ദിലീപ്‌ എന്ന നടന്റെ കരിയറിലേ ഒരു പരീക്ഷണ ചിത്രമായിരുന്നു ഡോണ്‍ . ഷാജി കൈലാസ്‌ എന്ന സംവിധായകന്‍ ദിലീപ്‌ എന്ന നടനേ over estimate ചെയ്തതാണ്‌ ഈ ചിത്രത്തിന്റെ യഥാര്‍ത്ത പ്രശ്നം. എന്നാല്‍ ചിത്രം വികസ്സിക്കുന്നതിനനുസ്സരിച്ച്‌ ദിലീപിന്റെ പരിമിതികള്‍ പുറത്തു വന്നു തുടങ്ങും.

ദിലീപിന്റെ സ്ഥാനത്ത്‌ പൃഥ്വി രാജയിരുന്നു എങ്കില്‍ ഈ ചിത്രത്തിന്‌ ഒരു വന്‍ തകര്‍ച്ച ഒഴിവാക്കാമയിരുന്നു. എന്നാല്‍ തുമ്പിയേക്കൊണ്ട്‌ കല്ലെറ്റുപ്പിക്കാനാണ്‌ ഷാജി നോക്കിയത്‌. ദിലീപിന്‌ ഷാജിയുടേ ഒരു ആക്ഷന്‍ ഹീറോയാകാന്‍ തക്കവിധം പാങ്ങില്ലാ എന്ന് ഈ ചിത്രം അടിവരയിടുന്നു. ജോഷിയേപ്പൊലുള്ളവര്‍ ദിലീപിനെ വച്ച്‌ ആക്ഷന്‍ പടം എടുത്തിട്ടുണ്ടല്ലോ എന്നത്‌ ഒരു ചോദ്യം ഉയര്‍ന്നേക്കം. എന്നാല്‍ ജോഷി ദിലീപിന്റെ പരിമിതികള്‍ മനസ്സിലക്കിയപ്പോള്‍ ഷാജി അതു ചെയ്തില്ലാ.

സര്‍ക്കാര്‍, ഒന്നാമന്‍ റണ്‍ വേ തുടങ്ങിയ സിനിമകളില്‍ നിന്ന് മുറിച്ചെടുത്ത വളരേ ദുര്‍ബലമായ ഒരു തിരക്കഥ പക്ഷേ ഷാജിയും സണ്‍ജീവ്‌ ശങ്കറും ഡോണ്മാക്സും കൂടി ഈ പരിമിതിയേ അത്ഭുതകരമായി തരണം ചെയ്തപ്പോഴും ദിലീപിന്റെ പരിമിതിയില്‍ തട്ടി നില്‍ക്കാനായിരുന്ന് ഈ ചിത്രത്തിന്റെ വിധി.

എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഒന്നിനൊന്ന് കഷ്ടപ്പെട്ടിണ്ട്‌ ഈ സിനിമക്കു വേണ്ടി. അഭിനയേതാക്കളില്‍ ലാല്‍ മികവു പുലര്‍ത്തി എന്നത്‌ ശ്രദ്ധെയമാണ്‌. പതിവ്‌ ക്ലീഷേകളില്‍ നിന്ന് ഒരു മോചനമായിരുന്നു ലാലിന്റെ ഈ വേഷം. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനില്ലാ എന്നതാണ്‌ സത്യം. എല്ലാ ഭാരവും സാങ്കേതിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തപോലേയാണ്‌ തോന്നുക.

കഥയേക്കുറിച്ചോന്നും പറയേണ്ടതില്ല. അതിലൊന്നും ഒരു പുതമയും ഇല്ല. പിന്നെ അവതരണം അതു മാത്രമാണ്‌ ഈ ചിത്രത്തിന്റെ + പോയന്റെ. പിന്നേ മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ്‌ ഗോപി പോലുള്ള നടന്മാര്‍ എന്തുകൊണ്ട്‌ പ്രസ്ക്തമാകുന്നു എന്ന്‌ ഈ ചിത്രം കാണുമ്പോള്‍ മനസ്സിലാകും.
എന്റെ റേറ്റിഗ്‌ 1.5/5

ക്ലാസ്‌മേറ്റ്‌സ്‌

ക്ലാസ്‌മേറ്റ്‌സ്‌സംവിധാനം : ലാല്‍ ജോസ്‌
രചന : ജെയിംസ്‌ ആര്‍ബര്‍ട്ട്‌
അഭിനയേതാക്കള്‍ : പ്രഥ്വിരാജ്‌,നരേന്‍,ജയസൂര്യ , ഇന്ദ്രജിത്‌,കാവ്യ

വലിയ പ്രതീക്ഷയോടേയാണ്‌ ഓണചിത്രങ്ങളില്‍ എറ്റവും വലിയ ഹിറ്റായ ക്ലാസ്‌മേറ്റ്‌ കാണാന്‍ പോയത്‌. പക്ഷേ പ്രതീക്ഷക്കൊത്ത ഒരു ചലച്ചിത്ര അനുഭൂതി പകര്‍ന്നുതരുന്നതില്‍ ഈ ചിത്രം പരാജയപ്പെടുന്നു.മറ്റ്‌ ഓണച്ചിത്രങ്ങളെ അപേക്ഷിച്ച്‌ ഒരു വ്യക്തമായൊരു കഥയുണ്ട്‌ എന്നതൊഴിച്ചാല്‍ പറയത്തക്ക മേന്മയൊന്നും ക്ലാസ്‌മേറ്റിനില്ല.

90 കളിലെ കാമ്പസ്‌ പുനരാവിഷ്ക്കരിക്കുന്നു എന്നതോടൊപ്പം ഈ തലമുറയിലേ കുട്ടികള്‍ക്ക്‌ തികച്ചും അജ്ഞമായ ഒരു കാമ്പസ്‌ പരിചപ്പെടുത്തുന്നു എന്ന അവകാശവാദത്തൊടെയാണ്‌ ലാല്‍ ജോസ്‌ ഈ ചിത്രം അവതരിപ്പിച്ചത്‌. എന്നാല്‍ ഒരു തരത്തിലുള്ള കാമ്പസ്‌ നൊസ്റ്റാള്‍ജിയും ഉണര്‍ത്താന്‍ ഈ ചിത്രത്തിന്‍ കഴിഞ്ഞിട്ടില്ലാ. ഈ വ്യത്യാസം മനസ്സിലാക്കന്‍ ഒരുപാട്‌ ബുദ്ധിമുട്ടുകയൊന്നും വേണ്ടാ വെറുതെ ഒന്ന് സര്‍വകലാശാല എന്ന ചിത്രത്തിന്റെ CD എടുത്തു കണ്ടാല്‍ മതി.

പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന സുകുവും കാവ്യ മാധവന്‍ അവതരിപ്പിച്ച താരയും തമ്മില്ലുള്ള പ്രണയവും തെറ്റിദ്ധാരണയുടേ പുറത്തുള്ള വേര്‍പിരിയലും പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും ഇതാണ്‌ ക്ലാസ്മേറ്റിന്റെ ആകെത്തുക. ഇത്‌ നേരിട്ടു പറഞ്ഞാല്‍ ഒരു പുതുമയും ഉണ്ടാകില്ല എന്നതുകൊണ്ട്‌ ഒരു സസ്പെന്‍സൊക്കേ പിടിപ്പിച്ച്‌ മൊത്തത്തില്‍ ഒരു വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചിടുണ്ട്‌ എന്നു മാത്രം.

പിന്നെ എന്തുകൊണ്ട്‌ ഈ ചിത്രം ഹിറ്റായി ? അതിന്‌ നന്ദി പറയേണ്ടത്‌ വയലാര്‍ ശരത്‌ ചന്ദ്രവര്‍മ്മയും അലക്സ്‌ പോളും ഒരുക്കിയ ഗാനങ്ങള്‍ക്കാണ്‌. അതി മനോഹരമായ ഗാനങ്ങള്‍ക്ക്‌ എങ്ങനെ ഒരു ചിത്രത്തിന്റെ വിജത്തിന്‌ സഹായകമാകും എന്ന് വീണ്ടും തെളിയക്കപ്പെടുന്നു.

വന്‍ അവകാശവാദങ്ങളാണ്‌ ഈ ചിത്രം ഇറങ്ങുന്നതിന്‌ മുന്‍പ്‌ ലാല്‍ ജോസ്‌ നടത്തിയത്‌ അതിനോട്‌ നീതി പുലര്‍ത്തുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ലാ .KSU ക്കാരേ തന്മയത്തോടേ അവതരിപ്പിച്ചപ്പോള്‍ SFI ക്കാരേ സത്യസന്തമായി അവതരിപ്പിക്കാന്‍ ലാല്‍ ജോസ്‌ പരാജയപ്പെട്ടു (ചിലപ്പോള്‍ സ്വാധീനമാകാം). ജെയിംസ്‌ ആല്‍ബര്‍ട്ടിനേ സംബദ്ധിച്ചിടത്തോളം നവാഗതന്‍ എന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നു.

ബാലചന്ദ്രമേനോന്‍ ഒഴിച്ചുള്ള എല്ലാ അഭിനയേതാക്കാളും നല്ല പ്രകടനം നടത്തിയിട്ടുണ്ട്‌ എന്നതാണ്‌ ഈ ചിത്രത്തിന്റെ മറ്റൊരു നല്ലവശം. ഇന്ദ്രജിത്തിന്റേയും ജയസൂര്യയുടേയും പ്രകടനം


ഗംഭീരമാണ്‌.എന്റെ റേറ്റിഗ്‌ 2.5/5

Sunday, October 01, 2006

അച്ഛനുറങ്ങാത്ത വീട്.

അച്ഛനുറങ്ങാത്ത വീട്.

സംവിധാനം : ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍.
ഗാന രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ.
സംഗീതം : അലക്സ് പോള്‍.
ഛായാഗ്രഹണം : മനോജ് പിള്ള.
ചിത്ര സംയോജനം : രഞ്ജന്‍ എബ്രഹാം.

അഭിനേതാക്കള്‍: സലിം കുമാര്‍, മുരളി, പൃഥിരാജ്, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്‍,ടി.പി രാ‍ജു, സുജാ കാര്‍ത്തിക, സംവൃത സുനില്‍, മുക്ത തുടങ്ങിയവര്‍.


വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് ഞാന്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്‍‌പില്‍ ഒരു പെണ്‍കുട്ടി രണ്ട് പോലീസ്കാരുടെ അകമ്പടിയോടെ വണ്ടിയിറങ്ങുമായിരുന്നു. അടുത്തുള്ള ഓഫീസില്‍ ആ കുട്ടി ജോലി ചെയ്ത് തീരും വരെ പോലിസ് ആ കുട്ടിക്ക് കാവലിരുന്നു. സൂര്യനെല്ലി കേസിലെ പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടി.തിളക്കമറ്റ കണ്ണുകള്‍.നിര്‍ജ്ജിവമായ മുഖം. ആരോടും മിണ്ടാതെ ആ കുട്ടി നടന്ന് പോകുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ട്. എത്രപേരുടെ പീഡനങ്ങള്‍ക്കിരയായ കുട്ടി. നിയമത്തിന് മുന്നില്‍ തെളിവുകളും, ന്യായങ്ങളും, നിയമത്തിലെ പഴുതുകളും കീറി മുറിച്ചപ്പോള്‍ പ്രതികളെ വിട്ടയക്കാന്‍ ബഹു:ഹൈക്കോടതി നിര്‍ബന്ധിതമായി. ഏറ്റവും മിടുക്കനായ ജഡ്ജിമാരില്‍ ഒരാളായ ശ്രീ.ബസന്തിന്റേതായിരുന്നു വിധി. ആ വിധിയില്‍ ഞാന്‍ അല്‍പ്പം പോലും ഞെട്ടിയില്ല. സൂര്യനെല്ലി കേസിന്റെ കേസ് ഡയറി വായിച്ചിട്ടുള്ള ഒരാള്‍ക്കും അതില്‍ അസ്വാഭാവികത തോന്നാന്‍ വഴിയില്ല എന്നാണ് എന്റെ നിഗമനം. കേസ് ഇപ്പോഴും പരമോന്നത നീതി പീഠത്തിന്റെ പരിഗണനയിലായതിനാല്‍ ഞാന്‍ എന്റെ നാവു പൂട്ടുന്നു. അച്ഛനുറങ്ങാത്ത വീട് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഈ പെണ്‍കുട്ടിയായിരുന്നു. ആ വേദനയും, നൊമ്പരവും അത്ര മനോഹരമായി സംവിധായകന്‍ പകര്‍ത്തിയിട്ടുണ്ട്. ചില പോരായ്മകളുണ്ടെങ്കിലും, ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ലാല്‍ജോസിന്റേതായി ഇറങ്ങിയ ഈ ചിത്രം ഒരു സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങിയ പീഡനങ്ങളുടേയും, അതേ തുടര്‍ന്ന് ആ കുടുംബം അനുഭവിക്കുന്ന ദുരിതങ്ങളുടേയും കഥയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് നമ്മുടെ സമൂഹത്തില്‍ ഇതൊരു തുടര്‍ക്കഥയാണ്. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തില്‍ നമുക്ക് ചുറ്റുമായി കാമത്തിന്റെ കനലടങ്ങാത്ത കണ്ണുകളും, തീ പിടിച്ച അരക്കെട്ടുകളുമായി ഭോഗത്തിന്റെ ആരോഹണാവരോഹണങ്ങളിലേക്ക് വീഴ്ന്നു പോകാന്‍ കാത്തിരിക്കുന്നവര്‍ എത്രപേര്‍...അവര്‍ക്ക് മുന്നില്‍ പ്രായം തികയാത്ത കുട്ടിയെന്നോ, ചങ്ങാതിയുടെ സഹോദരിയെന്നോ, അയല്‍‌വക്കത്തെ താമസക്കാരിയെന്നോ വ്യത്യാസമില്ല. പണം കൊണ്ടും, അധികാരം കൊണ്ടും, എന്തും നേടാനുള്ള ഒന്നായി നമ്മുടെ ജനാധിപത്യം മാറുമ്പോള്‍, ഇവര്‍ അവിടെ രാജാക്കന്‍‌മാര്‍ ആകുന്നു. മറ്റുള്ളവര്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളും. വ്യാജമായ തെളിവുകളുടേയും, നിയമത്തിലെ പഴുതുകള്‍ ഇട്ട് എഴുതിയുണ്ടാക്കിയ ഒരു കേസിന്റേയും ബലത്തില്‍ ഒരു വ്യവഹാരം കോടതിയില്‍ എത്തുമ്പോള്‍, ദുര്‍ബലമായി പോകുന്ന വാദമുഖങ്ങളും, വിധിന്യായങ്ങളും മൂലം നീതി അര്‍ഹിക്കുന്നവന് നീതി ലഭിക്കുന്നുണ്ടോ എന്ന് നമ്മളെ ചിന്തിപ്പിക്കാന്‍ പോന്ന ഒരു ചിത്രമാണിത്. നീതി ലഭിക്കേണ്ടവന് തെളിവുകളില്ലായ്മയുടേയും, ദുര്‍ബ്ബലമായ എഴുതപ്പെട്ട കേസിന്റേയും, നിയമത്തിലെ പഴുതുകളുടേയും കാരണത്താല്‍ നീതി നിഷേധിക്കാമോ, എന്ന് നമ്മള്‍ സ്വയം ചോദിക്കുകയും, ഒരു ഉത്തരത്തിനായി ഇനി ഒരു പോരാട്ടം കൂടി വേണമോ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം.
മക്കളെ എഞ്ചിനീയറും, ഡോക്ടറും ആക്കാന്‍ നമ്മുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമില്ലാത്ത, അനുചിതമായ രീതികള്‍ പ്രയോഗിക്കുമ്പോള്‍, ആത്മഹത്യ ചെയ്യുകയും, ഒളിച്ചോടുകയും, പിന്നീട് തെറ്റായ വഴികളിലേക്ക് വീണ് പോകുകയും ചെയ്യുന്നവരുടെ മാതാ പിതാക്കള്‍ക്ക് ഈ ചിത്രം ഒരു ഗുണപാഠമാണ്.

സ്നേഹത്തിനു മുന്നില്‍ എല്ലാം മറന്ന് ക്രൈസ്തവ മതത്തിലെ പെന്തികോസ്ത് വിഭാഗത്തിലേക്ക് മതം മാറിയ ആളാണ് സാമുവല്‍. വിഭാര്യനായ സാമുവലിന് മൂന്ന് പെണ്‍കുട്ടികള്‍. ട്രീസാമ്മ, ഷേര്‍ളി, ലിസമ്മ. ലിസമ്മ മാത്രമാണ് പഠിക്കുന്നത്. ലിസമ്മയെ കുറിച്ച് സാമുവേലിന് വളരെയേറെ പ്രതീക്ഷകളാണുള്ളത്. ഡോക്ടറാക്കണമെന്നാണ് മോഹം. ലിസമ്മയെന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നു. അന്വേഷണത്തില്‍ ലിസമമ സാധാരണ വരാറുള്ള ബസ്സിന്റെ മുതലാ‍ളി ചെക്കനുമായി നാട് വിട്ടതാണെന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് വിവാഹം നടത്താമെന്ന ധാരണയിലും വിശ്വാസത്തിലും ഒരു പരാതി പോലും പോലീസില്‍ നല്‍കാത്ത സാമുവലിന്റെ മുന്നിലേക്ക് ലിസമ്മയുടെ കാമുകനായ ചെറുപ്പക്കാരന്‍ ഒരു പുതിയ കഥയുമായി അവതരിക്കുമ്പോള്‍ കഥയുടെ ഗതി മാറുകയാണ്. പിന്നെ പീഡനത്തിന്റെ നാളുകളാണ് സാമുവലിനെ കാത്തിരുന്നത്. എട്ടും പൊട്ടും തിരിയാത്ത മകള്‍ പലരുടെ പീഡനങ്ങള്‍ക്കിരയായി എന്ന സത്യം സാമുവലിന് വല്ലാത്ത പ്രഹരമായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി നിയമ പാലകര്‍ ആ കുട്ടിയെ ഒരു കാഴ്ചവസുതുവായി അവതരിപ്പിക്കുന്നതും, ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൂശിക്കപ്പെടുന്നതും അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നാല്‍ ഒടുവില്‍ അയാളെയും കുടുംബത്തേയും കാത്തിരുന്ന വിധി അയാളെ ഞെട്ടിച്ച് കളഞ്ഞു. പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി അയാള്‍ക്ക് താങ്ങാവുന്നതിലും അധികം. അയാള്‍ ഒരു കൂട്ട ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കയാണ്.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ ചുവട് പിടിച്ച് എഴുതിയ കഥയാണിത്. രാഷ്ട്രീയക്കാരും, പോലീസ് ഉദ്യോഗസ്ഥരും, മത മേലാളന്‍‌മാരും ചേര്‍ന്ന് നമ്മുടെ ജനാധിപത്യത്തെ എത്രമാത്രം കശാപ്പു ചെയ്യുന്നു എന്ന് ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ വേദനയോടെ ഓര്‍ക്കും. നമ്മുടെ നിയമത്തിന്റെ പഴുതുകളിലൂടെ ഏതൊരു നിരപരാധിയും പ്രതിയായി മാറാനും, അവനെ ശിക്ഷിക്കാനും,കഴിയും. രാക്ഷ്ട്രീയ- ഉദ്യോഗസ്ഥന്‍‌മാരുടെ അവിശുദ്ധ കൂട്ടുകെട്ട് അതിന് എത്രമാത്രം ഒത്താശ ചെയ്യുന്നുണ്ട്.പീഡനങ്ങള്‍ക്കിരയായ ഒരു പെണ്‍കുട്ടി തെളിവെടുപ്പിന്റെ പേരില്‍ അനുഭവിക്കുന്ന നീചവും, നികൃഷ്ടവുമായ മുറകള്‍, അത് ഒരു പിതാവിലും, ആ കുട്ടിയിലും, ഉളവാക്കുന്ന വികാരവും വേദനയും എല്ലാം മനോഹരമായി പറയാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയ്ക്ക് വേണ്ടത്ര കയ്യടക്കമില്ലാതെ പോയി. ആദ്യ രംഗങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഒരു നല്ല കഥയെ സാമൂഹിക സന്ദേശത്തിന് മുന്‍‌തൂക്കം നല്‍കി എഴുതിയപ്പോള്‍ തുടക്കത്തിലെ രംഗങ്ങളില്‍ തിരക്കഥ പാളി. അത് ചിത്ര സംയോജനത്തേയും കാര്യമായി ബാധിച്ചു. എങ്കിലും, കാഴ്ചക്കാരന്റെ മുന്നില്‍ സാമുവലിന്റേയും, കുടുംബത്തിന്റേയും വേദന പകര്‍ന്ന് നല്‍കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അലക്സ് പോളിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ മകന്‍ ശരത്ചന്ദ്ര വര്‍മ്മയുടേ വരികളും തെറ്റില്ല.

സലിം കുമാറിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് സാമുവല്‍. സലിം കുമാര്‍ അത് നന്നായി ചെയ്തിട്ടുണ്ട്. ലിസമ്മയായി അഭിനയിക്കുന്ന മുക്ത (?) യുടെ ഭാവാഭിനയം എടുത്തു പറയത്തക്കതാണ്. ചെറുതെങ്കിലും ശേഖര്‍ജിയുടെ രംഗം മുരളി ജീവസ്സുറ്റതാക്കി. ഹരിശ്രീ അശോകനും, സുജാ കാര്‍ത്തികയും, സംവൃതാ സുനിലുമൊക്കെ മോശമായിട്ടില്ല. എന്നാല്‍ വളരെ ചെറിയ ഒരു രംഗത്ത് മാത്രമേ പൃഥിരാജും, ഇന്ദ്രജിത്തും പ്രത്യക്ഷപ്പെടുന്നുള്ളു. വലിയ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍ ആണെങ്കിലും, നന്നായി ചെയ്തിട്ടുണ്ട്.

പൊതുവില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും, കാഴ്ചക്കാരനിലേക്ക് ഒരു വ്യക്തമായ സന്ദേശം നല്‍കാനും,ഒരു കലാമൂല്യമുള്ള ചലചിത്രമൊരുക്കാന്‍ തനിക്ക് കഴിയുമെന്നും ലാല്‍ ജോസിന്റെ ഈ ചിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.

Wednesday, September 27, 2006

സംടൈംസ് ഇന്‍ ഏപ്രില്‍.

ആമുഖം.

ഉഗാണ്ടയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യമാണ് റുവാണ്ട. 1916 വരെ ജര്‍മ്മനിയുടെ കോളനി രാജ്യം.1916 ല്‍ ബല്‍ജിയം റുവാണ്ടയുടെ കോളനി ഭരണം ജര്‍മ്മനിയില്‍ നിന്നും ഏറ്റെടുത്തു. ഹുതു, തുറ്റ്സി, ത്വ, എന്നിങ്ങനെ മൂന്ന് ഗോത്രവര്‍ഗ്ഗങ്ങള്‍ സന്തോഷത്തോടും, സമാധാനത്തോടും ജീവിച്ചു വന്നിരുന്ന റുവണ്ട, ബല്‍ജിയത്തിന്റെ കയ്യിലായതോടെ,ഗോത്രാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും, ഹുതു എന്ന വിഭാഗത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തുടങ്ങി.ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അതേ കുടില തന്ത്രം. 1959 ല്‍ ബല്‍ജിയം ഹുതുവിന് അധികാരം കൈമാറി.അവിടെ തുടങ്ങുന്നു റുവാണ്ടയുടെ ദുരിതങ്ങള്‍. പുരോഗമന ചിന്താഗതിക്കാരായ ഹുതു വിഭാഗത്തില്‍ പെട്ടവരും, തുറ്റ്സി വിഭാ‍ഗക്കാരും, പാലായനം ചെയ്യുകയോ, പുറത്താക്കപ്പെടുകയോ ചെയ്തു.ഇങ്ങനെ പുറത്താക്കപ്പെട്ടവരും, പാലായനം ചെയ്തവരും, ചേര്‍ന്ന് മാതൃരാജ്യം പിടിച്ചെടുക്കാന്‍ 1988 ല്‍ ആര്‍. പി. എഫ് എന്ന സംഘടന രൂപീകരിച്ചു. 1990 ല്‍ ഉഗാണ്ടയിലെ കേന്ദ്രങ്ങളില്‍ ഇരുന്ന് ഇവര്‍ ഒരു ആക്രമണം തുടങ്ങി. എന്നാല്‍ ഈ ആക്രമണങ്ങള്‍ ബല്‍ജിയത്തിന്റേയും, ഫ്രാന്‍സിന്റേയും, സഹായത്തോടെ ഹുതു ഭരണകൂടം ചെറുത്തു. 1993 വരെ തുടര്‍ന്ന ഈ യുദ്ധത്തില്‍ ഒരു പാട് നാശനഷ്ടങ്ങളും, മരണങ്ങളും ഉണ്ടായി. 1993 ല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ഇരുകൂട്ടര്‍ക്കും ഭരണപങ്കാളിത്തം ഉറപ്പു വരുത്തുന്ന ഒരു മാര്‍ഗ്ഗരേഖ ഉണ്ടാക്കി.അരോഷ പീസ് അക്കോര്‍ഡ് എന്ന ഈ കരാര്‍ പ്രസിഡന്റ് നടപ്പിലാക്കാന്‍ പോകുകയാണെന്ന് സംശയിച്ച‍ ഹുതു വിഭാഗത്തിലെ തീവ്രവാദികള്‍ ഈ കരാര്‍ നടപ്പിലാക്കാതിരിക്കാനായി രാജ്യമെങ്ങും, തുറ്റ്സികളേയും, പുരോഗമന ഹുതുകളേയും കൊല ചെയ്തു. 1994 ഏപ്രില്‍ തുടങ്ങിയ കലാപം റുവാണ്ടന്‍ പ്രസിഡന്റും ഹബിയാരിമനയും, ബുറൂണ്ടി പ്രസിഡന്റും സഞ്ചരിച്ചിരുന്ന വിമാനം ആക്രമണത്തോടെയാണ് ആരംഭിക്കുന്നത്. നൂറ് ദിവസം നീണ്ടു നിന്ന ഈ കലാപത്തില്‍ 8 ലക്ഷം പേര്‍ മരിച്ചു. ഇത് പൂര്‍ണ്ണമായ ഒരു വംശീയ ഉന്‍‌മൂലനമായിരുന്നു.ഈ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു പുരോഗമന ചിന്താഗതിക്കാരനായ ഹുതുവിന്റേയും, അവന്റെ സഹോദരന്റേയും കഥയാണ് സംടൈംസ് ഇന്‍ ഏപ്രില്‍.

സംടൈംസ് ഇന്‍ ഏപ്രില്‍.

റൌള്‍ പെക്ക് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2005 ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ്.1994 ല്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ഹുതു തീവ്രവാദികള്‍ പട്ടാള സഹായത്തോടെ നടത്തിയ കൂട്ടക്കൊലയില്‍ തുറ്റ്സി വിഭാഗത്തില്‍ പെട്ട തന്റെ ഭാര്യയേയും, മക്കളേയും നഷ്ടപ്പെട്ട ഒരു ഹുതുവിന്റേയും, അയാളുടെ സഹോദരന്റേയും കഥയാണിത്. പുരോഗമന ചിന്താഗതിക്കാരനായ പട്ടാളക്കാരനാണ് അഗസ്റ്റിന്‍. സഹോദരന്‍ ഹോണോറെയാവട്ടെ റേഡിയോ നിലയത്തിലെ അറിയപ്പെടുന്നയാളും, ഹുതുവിനോട് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി അംഗവുമാണ്. നിത്യവും റേഡിയോയിലൂടെ തുറ്റ്സികള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. 1993ല്‍ യു.എന്‍ കൊണ്ടുവന്ന കരാര്‍ നടപ്പിലാക്കാന്‍ പ്രസിഡന്റ് ശ്രമിക്കുന്നു എന്ന സംശയത്താല്‍ കൊല ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. അന്ന് രാത്രി റുവാണ്ടന്‍ പ്രസിഡന്റും, ബുറൂണ്ടി പ്രസിഡന്റും, വിമാനാക്രമണത്തെ തുടര്‍ന്ന് കിഗാലി എയര്‍പോര്‍ടിനു സമീപം കൊല്ലപ്പെടുന്നു. തുടര്‍ന്ന് കിഗാലിയുടെ സംരക്ഷണത്തിന് എന്ന വ്യജേന തുറ്റ്സികളുടെ വീടുകള്‍ അരിച്ച് പെറുക്കുകയും, കൊല്ലുകയും ചെയ്യുന്നു. പുരോഗമന ചിന്താഗതിക്കാരനായ അഗസ്റ്റിന്റെ ഭാര്യ തുറ്റ്സി വിഭാഗക്കാരിയാണ്. മൂന്ന് കുട്ടികളുണ്ട്. ഒരു പെണ്‍കുട്ട് ദൂരെ സ്കൂളില്‍ പഠിക്കുന്നു. രണ്ട് ആണ്‍കുട്ടികള്‍ കൂടെ താമസിക്കുന്നു.
തുറ്റ്സികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നറിഞ്ഞ അഗസ്റ്റിന്‍ ഭാര്യയേയും കുട്ടികളേയും, രക്ഷപ്പെടുത്താന്‍ ചേട്ടന്റെ സഹായം തേടുന്നു. ചേട്ടനായ ഹൊണോറെ ആദ്യം എതിര്‍ത്തെങ്കിലും, പിന്നീട് വഴങ്ങുന്നു. എന്നാല്‍ ഇവര്‍ ഹുതു തീവ്രവാദികളുടെ കയ്യില്‍ അകപ്പെടുന്നു. അഗസ്റ്റിന്റെ മകള്‍ താമസിച്ച് പഠിച്ചിരുന്ന സ്കൂളും, ഹോസ്റ്റലും ആക്രമണത്തിന് ഇരയായി. കുട്ടികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നു.നൂറ് ദിവസം നീണ്ട് നിന്ന വംശീയ കലാപം, തുറ്റ്സികളുടെ സംഘടനയായ ആ‍ര്‍.പി.എഫ് കിഗാലി പിടിച്ചെടുക്കുന്നതോടെ അവസാനിക്കുന്നു.തുടര്‍ന്ന് തുറ്റ്സികള്‍ ഭരണം ഏറ്റെടുക്കുകയും രാജ്യത്ത് സമാധാനം നിലവില്‍ വരികയും ചെയ്യുന്നു. പിന്നിട്, ലോക നീതിന്യായകോടതിയില്‍, ആക്രമണം നടത്തിയവര്‍ക്കെതിരെ വിചാരണ ആരംഭിച്ചു. വളരെ നല്ല നാടകീയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു ചിത്രമാണിത്.

ഇത് വെറുമൊരു കഥയല്ല. റുവാണ്ടയിലെ ഒരു ജന വിഭാഗം അനുഭവിച്ച ദുരിതങ്ങളുടെ ചരിത്രമാണ്. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നൂറ് ദിവസം നീണ്ട് നിന്ന തുറ്റ്സി വംശീയ ഉന്‍‌മൂലന കലാപത്തില്‍ 8 ലക്ഷം പേര്‍ മരിച്ചപ്പോള്‍ ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നോക്കി നിന്ന യു.എന്‍ എന്ന കടലാസു പുലിയുടെ ചരിത്രം കൂടിയാണ്. ചെലവുകള്‍ ആരു വഹിക്കണമെന്ന തര്‍ക്കത്തിലും, അവിടെ നടക്കുന്നത് വംശീയ ഉന്‍‌മൂലനം (genocide)തന്നെയാണോ എന്ന തര്‍ക്കത്തിലും യു.എന്‍ മുഴുകിപോയി. മാത്രമല്ല ഉണ്ടായിരുന്ന യു.എന്‍ സമാധാന സേനാംഗങ്ങളുടെ എണ്ണം കുറക്കുകയും അവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ ഓര്‍മ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. വളരെ മനോഹരമായ ചിത്രസംയോജനത്തിലൂടെ പാസ്ക്വല്‍ മാര്‍ടിരാനൊ ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. തുറ്റ്സികള്‍ കൊല്ലപ്പെടുന്നതും, അവര്‍ പാലയനം ചെയ്യാന്‍ കഷ്ടപ്പെടുന്നതും, ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പോലും അവര്‍ തുറ്റ്സികളെ തെരഞ്ഞു പിടിച്ച് കൊല്ലുകയും സ്ത്രീകളെ മാ‍നഭംഗപെടുത്തുകയും ചെയ്യുന്ന രംഗങ്ങള്‍ കാഴ്ചക്കാരില്‍ വല്ലാത്ത നൊമ്പരം ഉണ്ടാക്കും.യു.എന്‍ എന്തെങ്കിലും ചെയ്യാമായിരുന്നിട്ട് കൂടിയും, വിദേശികളെ മാത്രം തെരഞ്ഞ് പിടിച്ച് കൂട്ടി കൊണ്ട് പോകുന്ന രംഗങ്ങള്‍ നന്നായി കാണിച്ചിട്ടൂണ്ട്. ഭാര്യയും, മക്കളും നഷ്ടപ്പെട്ട അഗസ്റ്റിന്‍ നല്ലൊരു കഥാപാത്രമാണ്.അഭിനേതാക്കളെല്ലാം നന്നായി അഭിനയിച്ചിട്ടുണ്ട്. കഥ പറഞ്ഞ രീതിയും, അടുക്കും ചിട്ടയും എല്ലാം എടുത്തു പറയത്തക്കതാണ്. പടം കണ്ടു കഴിയുമ്പോള്‍ നമ്മളില്‍ ഒരു നൊമ്പരം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിനു കഴിയും.

ഓരോ കലാപങ്ങളിലും നമ്മള്‍ കാണുന്നതും, അനുഭവിക്കുന്നതും, വേദനകളും, കൊടിയ ദുരിതങ്ങളും, വേണ്ടപ്പെട്ടവരുടെ വേര്‍പാടുകളും മാത്രമാണ്. ജനിച്ച് വളര്‍ന്ന മണ്ണില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ വേദന പങ്കു വെയ്ക്കാന്‍ റുവാണ്ടന്‍ ജനതയ്ക്കൊപ്പം ആരുമുണ്ടായില്ല എന്ന തിരിച്ചറിവ് നമുക്കീ ചിത്രം നല്‍കുന്നു.യഥാസമയം പ്രതികരിക്കാന്‍ ലോകം തയ്യാറാകാതിരുന്നത് മൂലം റുവാണ്ടക്ക് നഷ്ടപ്പെട്ടത് 8 ലക്ഷം ജനതയെയാണ്. ഒരു പക്ഷെ വംശനാശം വന്നു പോകുമായിരുന്ന ഒരു ഗോത്രം. ഈ ജനതയുടെ സങ്കടങ്ങള്‍ വളരെ നന്നായി സംവിധായകനും, കഥാകൃത്തുമായ റൌള്‍ പെക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രം കാണാതിരിക്കുന്നത് ഒരു നഷ്ടം തന്നെയാണ്. എല്ലാം കൊണ്ടും ഒരു മികച്ച ചിത്രമാണ് സംടൈംസ് ഇന്‍ ഏപ്രില്‍.

Saturday, September 23, 2006

നെയ്ത്തുകാരന്‍

നെയ്ത്തുകാരന്‍.
സംവിധാനം : പ്രിയ നന്ദനന്‍.
കഥ,തിരക്കഥ, സംഭാഷണം: എന്‍.ശശിധരന്‍
ഛായാഗ്രഹണം : ജെയിന്‍ ജോസഫ്
സംഗീതം : ജോണ്‍ പി.വര്‍ക്കി.
അഭിനേതാക്കള്‍ : മുരളി, സോനാ നായര്‍,വിജയരാഘവന്‍, എം.ആര്‍.ഗോപകുമാര്‍,മുല്ലനേഴി തുടങ്ങിയവര്‍.

ഇ.എം.എസ്. മരിക്കുന്ന ദിവസം ആണ് ചിത്രം തുടങ്ങുന്നത്. ഇ.എം.എസ് മരിക്കുന്ന വാര്‍ത്തയറിയുന്ന ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരനിലൂടെ കടന്നു പോകുന്ന ഓര്‍മ്മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.രണ്ട് കാലഘട്ടങ്ങളിലെ തലമുറകളുടെ വൈരുദ്ധ്യം, അവരുടെ പെരുമാറ്റത്തിലും, പ്രവൃത്തിയിലും ഉള്ള അന്തരങ്ങള്‍, പണ്ട് കമ്മ്യൂണിസ്റ്റ്കാര്‍ ആയിരുന്നവര്‍ ആശയങ്ങള്‍ ഉപേക്ഷിച്ച് ഒരു പുതിയ ജീവിത പന്ഥാവിലേക്ക് തിരിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, എല്ലാം ഈ ചിത്രം കാണിക്കുന്നു. ഒരു ശരാശരി കമ്മ്യൂണിസ്റ്റ്കാരനെ ആവേശ ഭരിതനാക്കാന്‍ ഈ ചിത്രത്തിനു കഴിയുമെങ്കിലും, ഒരു ചലചിത്രം എന്ന നിലയില്‍‍ ഈ ചിത്രം ഒരു പരാജയമാണ്.

ഒരു പഴയ കമ്മ്യൂണിസ്റ്റ് കാരനാണ് അപ്പ മേസ്തിരി.അപ്പമേസ്തിരിയുടെ മകനാണ് ജോഷി.അപ്പമേസ്തിരിയായി മുരളിയും, ജോഷിയായി വിജയരാഘവനും,ജോഷിയുടെ ഭാര്യയായി സോനാ നായരും അഭിനയിക്കുന്നു. അപ്പമേസ്തിരി തീരെ സുഖമില്ലാതെയിരിക്കുകയാണ്. അതിന്റെ ആശങ്കകളിലാണ് ജോഷിയുടെ ഭാര്യ.ജോഷിയുടെ മക്കളാകട്ടെ, റാപ്പ് സംഗിതവും, എഫ്.ടി.വിയുമാണ് ആസ്വദിക്കുന്നത്. അവര്‍ക്ക് ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരന്റെ ചെയ്തികളൊ, അവരുടെ ജീവിതരീതികളോ ചേരുന്നില്ല.ജോഷിയാകട്ടെ ഒരു പഴയ നക്സല്‍ പ്രവര്‍ത്തകനാണ്. ജോഷി ഇന്ന് ഒരു പരസ്യ കമ്പനി നടത്തുന്നു. ജോഷി വളരെ സമ്പന്നനാണ്. ഇന്നയാള്‍ പഴയ നക്സല്‍ അല്ല. ജോഷിയുടെ മാറ്റങ്ങള്‍ പഴയ നക്സല്‍ പ്രവര്‍ത്തകര്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം ശ്രമിക്കുന്നു.ജോഷിയെ കാണാന്‍ പഴയ നക്സല്‍ പ്രവര്‍ത്തകനും, സുഹൃത്തുമായിരുന്ന ബാഹുലേയന്‍ വരുന്നു. ബാഹുലേയന്‍ ആയി എം.ആര്‍. ഗോപകുമാ‍ര്‍ ആണ് അഭിനയിക്കുന്നത്. ജോഷി മാതാ അമൃതാനന്ദമയിയെ കണ്ടതിനു ശേഷം പരസ്യ കമ്പനിയുടെ പേരു മാറ്റിയതും അതിനു ശേഷം ഉണ്ടായ വളര്‍ച്ചയും ഒക്കെ വളരെ ഉത്സാഹത്തോടെയാണ് സുഹൃത്തിനെ ധരിപ്പിക്കുന്നത്.

ഇ.എം.എസ്സിന്റെ മരണവാര്‍ത്ത റേഡിയോയില്‍ നിന്നാണ് അപ്പമേസ്തിരി മനസ്സിലാക്കുന്നത്. അപ്പമേസ്തിരിയെ പാര്‍ട്ടി സെക്രട്ടറി വിവരം ധരിപ്പിക്കാന്‍ വന്നെങ്കിലും അപ്പ മേസ്തിരിയെ അതെങ്ങിനെ ബാധിക്കും എന്ന ആശങ്കയുള്ളതിനാല്‍ മകള്‍ അത് വിലക്കുന്നു. തീരെ സുഖമില്ലാതെയിരുന്ന അപ്പ മേസ്തിരിയില്‍ ഇ.എം.എസ്സിന്റെ മരണവാര്‍ത്ത, തന്റെ നഷ്ടപ്പെട്ട് ഓര്‍മ്മകളേയും,ഊര്‍ജ്ജത്തേയും അയാള്‍ക്ക് തിരിച്ച് നല്‍കുകയാണ്.അപ്പ മേസ്തിരി ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ഇ.എം.എസ്സിന്റെ മരണം അയാളില്‍ വല്ലാത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.ഇ.എം.എസ്സിന്റെ മരണത്തോടെ എല്ലാം തീര്‍ന്നു എന്നയാള്‍ വിലപിക്കുന്നു.ഒരു തലമുറയുടെ അന്ത്യം,കമ്മ്യൂണീസ്റ്റ് സംഘടനകളില്‍ എത്രമാത്രം വിടവു സൃഷ്ടിക്കുന്നു എന്നയാള്‍ക്ക് അറിയാം. സഖാവ് കൃഷ്ണപിള്ളയെയും അയാള്‍ ഈ തരുണത്തില്‍ ഓര്‍ക്കുന്നുണ്ട്. ഇ.എം.എസ്സിന്റെ ശവസംസ്കാര ദിവസം അയാള്‍ ജലപാനം പോലും നടത്തുന്നില്ല.അയാള്‍ക്ക് അതിന് ന്യായങ്ങളുണ്ട്. പക്ഷെ പുതിയ തലമുറക്ക് അതൊന്നും മനസ്സിലാകുന്നില്ല.ഈ. എം. എസ്സിന്റെ മൃദദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ട് തിരികെ മുറിയെലെത്തുന്ന അപ്പ മേസ്തിരിയും ലോകത്തോട് വിടവാങ്ങുകയാണ്.പ്രസ്ഥാനം ഒരു തുടര്‍ച്ചയാണെന്നും, ഇ.എം.എസ്സിനും തെറ്റ് പറ്റിയിട്ടുണ്ടാകാമെന്നും അയാള്‍ നമ്മോട് പറയുന്നുണ്ട്.

മുരളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ കഥാപാത്രമാണ് അപ്പ മേസ്തിരി. അപ്പ മേസ്തിരിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ മുരളിക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പ മേസ്തിരി പഴയ ഓര്‍മ്മകളിലൂടെ തിരിച്ച് പോകുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മാ‍റ്റങ്ങള്‍, അയാളുടെ വികാര വിചാരങ്ങള്‍ എല്ലാം നമുക്ക് മുന്നിലൂടെ മിന്നി മറയുന്നു. വളരെ മനോഹരമായ ചിത്ര സംയോജനത്തിലൂടെ ഇത് സാധിച്ചെടുക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.ഒരു ശരാശരി കമ്മ്യൂണിസ്റ്റ് അനുഭാവിയെ ആവേശഭരിതമാക്കാന്‍ ഈ മുഹൂര്‍ത്തങ്ങള്‍ക്കും, രംഗങ്ങള്‍ക്കും കഴിയും. അപ്പമേസ്തിരിയുടെ ഓര്‍മ്മകളിലൂടെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, അതിന്റെ പൂര്‍വ്വകാല നേതാക്കളും,കേരളത്തിന്റെ നവോത്ഥാനത്തിനും, പുരോഗതിക്കും എത്രമാത്രം സംഭാവന നല്‍കിയിട്ടുണ്ട് എന്ന് കാണിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്.ഈ കാര്യത്തില്‍ സംവിധായകന്‍ വിജയിട്ടുണ്ട്.എന്നാല്‍ നക്സല്‍ പ്രസ്ഥാനത്തിനുണ്ടായ അപചയം ഒരു തലമുറയെ എത്രമാത്രം നാശത്തിന്റെ വക്കിലെത്തിച്ചു എന്ന് കാണിക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല. മറിച്ച് ഒരു പഴയ നക്സല്‍ പ്രവര്‍ത്തകന്‍ സമ്പന്നനായി തീരുന്ന ചിത്രമാണ് സംവിധായകന്‍ നമുക്ക നല്‍കുന്നത്. ഒരു അപവാദമുള്ളത് ബാഹുലേയന്‍ എന്ന കഥാപാത്രമാണ്. ബാഹുലേയനാകട്ടെ, ഇന്ന് ഒരു സംസ്കാരിക പ്രവര്‍ത്തകനാണ്. അപ്പമേസ്തിരിയെ ഉയര്‍ത്തികാണിക്കാന്‍ ശ്രമിക്കുന്നതിലൂടെ മറ്റു കഥാപാത്രങ്ങള്‍ അപ്രസക്തമാവുകായാണ് ഈ ചിത്രത്തില്‍. എം.ആര്‍. ഗോപകുമാറിന്റേയോ, വിജയരാഘവന്റേയോ അഭിനയ സാധ്യതകളെ സംവിധായകന് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ വളരെ നല്ല ചിത്ര സംയോജനവും, ഛായാഗ്രഹണവും ഈ ചിത്രത്തിന്റെ മേന്മകളാണ്.പശ്ചാത്തല സംഗീതവും തെറ്റില്ല. കഥ പൂര്‍ണ്ണമായും അപ്പമേസ്തിരിയില്‍ ഊന്നിയായതിനാല്‍ വിശാലമായ ഒരു കാന്‍‌വാസില്‍ പറയേണ്ടിയിരുന്ന ഒരു കഥ പറയാന്‍ സംവിധായകനോ, തിരക്കഥയെഴുതിയ ശശിധരനോ കഴിഞ്ഞില്ല. അത് ഈ ചിത്രത്തെ പരിപൂര്‍ണ്ണമായ ഒരു പരാജയമായി മാറ്റുന്നു.

Thursday, September 21, 2006

കഭി അല്‍‌വിദ നാ കെഹ്നാ


ബാനര്‍: ധര്‍മ പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, പ്രീതി സിന്റ, അഭിഷേക് ബച്ചന്‍.
സംവിധാനം: കരന്‍ ജോഹര്‍
സംഗീതം: ഷങ്കര്‍, എഹ്സാന്‍, ലോയ്
വരികള്‍: ജാവേദ് അക്തര്‍


“കഭി അല്‍‌വിദ നാ കെഹ്നാ” തകര്‍ന്നു പോകുന്ന ജീവിത മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. രണ്ട് ദമ്പതിമാരെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഈ കുടുമ്പങ്ങള്‍ തമ്മിലുണ്ടാകുന്ന അവിഹിത ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പതിവ് കരണ്‍ ജോഹര്‍ സിനിമകളില്‍ നിന്ന് വെത്യസ്ഥമായി ഇവിടെ പ്രേമം വിവാഹശേഷമാണ്. ഒരിന്ത്യന്‍ ഭര്‍ത്താവ് വേറെ കുടുമ്പത്തിലെ ഭാര്യയെ പ്രേമിക്കുന്ന കഥ ഇന്ത്യയില്‍ ഓടില്ലെന്ന് മാത്രമല്ല, വിവാദവും ആകുമെന്നത് കൊണ്ട് തന്നെ കഥ മുഴുവന്‍ നടക്കുന്നത് അമേരിക്കയില്‍ വച്ചാണ്.

പ്രീതി സിന്റയും ഷാറൂഖ് ഖാനും ഭാര്യാഭര്‍ത്താക്കന്മാരാണ്. അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും വേറൊരു ദമ്പതികള്‍. അമിതാബ് ബച്ചനും കിരണ്‍ഖേറും ഇവരെക്കൂടാതെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു രണ്ട് കുടുംബങ്ങളിലായി.

കരണ്‍ ജോഹറിന്റെ ഏറ്റവും മോശം ഷാറൂഖ് ഖാന്‍ സിനിമ ആയിരിക്കുമിത്. നായകനെ കരയിച്ച് സിനിമയ്ക്ക് ആളെക്കൂട്ടുന്ന തന്ത്രം ഈ സിനിമയില്‍ വളരെ കൂടുതലായി തന്നെ പ്രയോഗിച്ചിട്ടുണ്ട്. അതും പോരാണ്ട് ഷാറുഖ് മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ പ്രേം നസീര്‍ ഇതിലും ഭേദമായിരുന്നു എന്ന് തോന്നിപ്പോകും. സല്‍ഗുണസമ്പന്നനായ നായകന്‍ എന്ന സങ്കലപ്പത്തിനതീതമാണ് ഈ സിനിമ. ഷാറൂഖ് ഖാന്റെ കഥാപാത്രത്തിന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടപ്പെടാത്ത തരത്തിലുള്ളതാണ്. റാണിയുടെ കഥാപാത്രവും സിനിമയില്‍ കാണിക്കുന്നത് ഒരു നല്ല ഭാര്യയുടെ സ്വഭാവമേയല്ല. അഭിഷേക് ബച്ചനും കരച്ചിലില്‍ ഷാറൂഖിനോട് മത്സരിക്കുന്നുണ്ട്. പ്രീതിയുടെ കഥാപാത്രം മാന്യമായ രീതിയില്‍ ആണെന്നുള്ളത് ഒരേയൊരാശ്വാസം. മഹാതരികിടയായ ഒരു വയസ്സനാണ് അമിതാഭ് ബച്ചന്‍ ഈ സിനിമയില്‍. കരണ്‍ ജോഹര്‍ ആയത് കൊണ്ട് അമിതാബ് ഈ വേഷം ചെയ്തു, അല്ലെങ്കില്‍ സ്വന്തം ഇമേജ് വച്ച് ഈ വെള്ളിത്തിരയുടെ ചക്രവര്‍ത്തി കളിക്കില്ല. കിരണ്‍ ഖേറിന്റെ റോള്‍ ചെറുതാണെങ്കിലും തരക്കേടില്ലാത്തതാണ്.

സിനിമയിലെ പാട്ടുകള്‍ക്ക് ശരാശരി നിലവാരം മാത്രം. പാട്ടുകള്‍ ഒറിജിനല്‍ എന്നുപോലും തോന്നിപ്പിക്കുന്നില്ല. അഭിഷേകിന് എന്തെങ്കിലും ചെയ്യാന്‍ വേണ്ടേ എന്ന് കരുതിയിട്ടാണോ എന്തോ, സിനിമയില്‍ രണ്ട് പാര്‍ട്ടി പാട്ടുകള്‍ ഉണ്ട്. മറ്റ് പാട്ടുകള്‍ ഒന്നും എടുത്ത് പറയാന്‍ മാത്രം മേന്മ അവകാശപ്പെടാന്‍ കഴിവുള്ളതല്ല.

ഷാറൂഖ്, കോളേജ് വിദ്യാര്‍ത്ഥിയായി ഓര്‍മ്മകളില്‍ പോലും വരാത്ത കരണ്‍ ജോഹറിന്റെ ആദ്യ സിനിമയായിരിക്കണം ഇത്. നിറങ്ങള്‍ നിറഞ്ഞ ടീ-ഷര്‍ട്ടുകള്‍ ഈ സിനിമയില്‍ കാണാനേയില്ല. നായികമാരും നൂറ് കണക്കിന് ഡാന്‍സുകാരും പുതുപുത്തന്‍ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നൃത്തരംഗങ്ങളും ഈ സിനിമയ്ക്ക് അന്യം. ഷാറൂഖിന് ഈ സിനിമയില്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ കൂട്ടുകാരുപോലുമില്ല. അങ്ങിനെ വളരെയധികം പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന ഒരു ചിത്രം. പക്ഷെ അതിനപ്പുറം ഒരു തരം താണ കഥയും, ബുദ്ധിക്കും വിവേകത്തിനും അതീതമായ ഒരു പ്രമേയവും. ഒരു തവണ പോലും മുഴുവന്‍ കാണാന്‍ ആരും താല്പര്യം കാണിക്കാന്‍ വഴിയില്ലാത്ത ഒരു അവതരണവും. കണ്ട് മടുത്ത, ആദ്യമേ ഊഹിക്കാവുന്ന ഒരു ക്ലൈമാക്സും. ഈ സിനിമയെ കളിയാക്കി വിളിക്കുന്ന പേരാണ് ഈ സിനിമയ്ക്ക് കൂടുതല്‍ ചേരുക. “കഭി ദിമാഗ് മത് ഖാനാ”.

എന്റെ റേറ്റിങ്ങ്: 1/2 / 5

Wednesday, September 20, 2006

ഉദയനാണു താരം

ഇതു ഉദയനാണു താരം എന്ന സിനിമ റിലീസായപ്പോള്‍ ഞാന്‍ ആ പടത്തിന്റെ തിരക്കഥാകൃത്തും,നടനുമായ ശ്രീനിവാസന്നു എഴുതിയ തുറന്ന കത്ത്‌ .

(തുറന്ന കത്തെന്നു മനപ്പൂര്‍വ്വം എഴുതുന്നു). കാരണം സ്റ്റാമ്പ്‌ ഒട്ടിച്ചു പോസ്‌റ്റ്‌ ചെയ്‌തപ്പോളാണ്‌ കവര്‍ ഒട്ടിച്ചിട്ടില്ലന്ന്‌ ഓര്‍മ്മ വന്നത്‌.

യു.എ.യിലെ നിയമ പ്രകാരം പോസ്‌റ്റ്‌ ബോക്‌സ്‌ തുറക്കുമ്പോള്‍ അതിലേക്കു അന്യരൊരുത്തന്‍ തുറിച്ചു നോക്കുന്നതും,ടെല്ലര്‍ മെഷീനിലും, പേയ്‌മെന്റ്‌ കൗന്‍ഡറിലും അന്യന്റെ ഡാറ്റയിലേക്കു പാളി നോക്കുന്നതും മാന്യതയല്ല.

പരാതിപ്പെട്ടാല്‍ ശിക്ഷ കിട്ടും.

അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി കണ്ടാല്‍ ഉറപ്പിക്കാം അവന്‍ ഇന്ത്യക്കാരന്‍ തന്നെ.

തുറിച്ചു നോക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അയാള്‍ മലയാളിയായിരിക്കും.

ചുരുക്കത്തില്‍ തുറന്ന കത്തിലെ ഉള്ളടക്കം കിട്ടാഞ്ഞിട്ടോ മറ്റോ ശ്രീനിവാസന്‍ മറുപടി അയച്ചില്ല.

ആ കത്ത്‌ ഞാന്‍ നിങ്ങളുടെ വായനക്കായി ഇവിടെ ഇടുന്നു.

സ്നേഹത്തോടെ ശ്രീനിവാസന്‌,

സുഖമെന്നു കരുതുന്നു

അതിന്നായി ആശംസിക്കുന്നു.

താങ്കളുടെ എല്ലാ ചിത്രങ്ങളും ഞാന്‍ കാണാറും ആസ്വദിക്കാറും ഉണ്ട്‌. വളരെ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന ഉദയനാണു താരം എന്ന ചിത്രവും കണ്ടു. അപ്പോള്‍ ഒരു അഭിപ്രായക്കുറിപ്പെഴുതണമെന്നു തോന്നി.പടം നന്നായാട്ടുണ്ട്‌.എങ്കിലും കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നങ്കില്‍ അത്യുഗ്രമായേനെ......താങ്കള്‍ ചെയ്ത രാജപ്പന്‍ എന്ന കഥാപാത്രം താങ്കള്‍ക്ക്‌ ഒരിക്കലും യോജിക്കാത്ത വേഷമാണ്‌.അതു ചെയ്യാന്‍ സൗന്ദര്യവും ആകാരഭംഗിയും ഉള്ള ഒരു താരത്തെയായിരു കാസ്റ്റ്‌ ചെയ്യേണ്ടിയിരുന്നത്‌. താങ്കള്‍ ഈ വേഷം ചെയ്തതു കാരണം കഥയുടെ വിശ്വാസ്യതയും സൗന്ദര്യവും ചോര്‍ന്നു പോയി. വില്ലത്തരത്തിന്ന്‌ ഒരു കോമാളിപരിവേഷം വന്നു. വില്ലനോടു ദേഷ്യം തോന്നേണ്ടതിന്നു പകരം അവജ്ഞ്ഞ്ഞയും അനുകമ്പയും സമ്മിശ്രമായി. പ്രേക്ഷകര്‍ വല്ലാത്തൊരാശയക്കുഴപ്പത്തിലായി. ഒരൊറ്റ ചിത്രത്തോടെ സരോജ്കുമാര്‍ സൂപ്പര്‍സ്റ്റാറായി എന്ന വിഢിത്തം വിഴുങ്ങാന്‍ മാത്രം പൊട്ടന്‍മാരല്ല കേരളിലെ പ്രേക്ഷകരെന്നു താങ്കള്‍ക്കു ശരിക്കുമറിയാമായിരുന്നിട്ടും തിരക്കഥ എന്തേ ഈ വിധമാക്കിയത്‌.?താങ്കള്‍ക്ക്‌ അഭിനയിച്ചേ അടങ്ങൂ എന്നുണ്ടായിരുന്നങ്കില്‍ സലീം കുമാര്‍ ചെയ്ത വേഷം ഇത്തിരി കൂടി വിശാലമായി എഴുതി അതു ചെയ്യാമായിരുന്നു.അച്ചാറു വില്‍പ്പന, ദോശ മാധവന്‍ തുടങ്ങിയ പച്ചയായ പ്രയോഗങ്ങള്‍ അതിരു കവിഞ്ഞില്ലേ?. തിരക്കഥാ മോഷണത്തെ കുറിച്ചു പ്രതിപാദിച്ചിടത്ത്‌ ഇത്തരം പച്ചപ്രയോഗങ്ങള്‍ നാടോടിക്കാറ്റു വീശുന്ന പോലെയെങ്കിലും കണ്ടതും ഇല്ല.(നാടോടിക്കാറ്റിന്റെ ത്രെഡ്‌ മറ്റാരുറ്റേതോ ആണ്‌ എന്നു ഗോസിപ്പിലുണ്ടായിരുന്നു)

തിരക്കഥ വായിച്ചിട്ടും ഈ പടത്തില്‍ അഭിനയിക്കാന്‍ മനസുകാട്ടിയ മോഹന്‍ലാലിന്റെ മഹത്വത്തിന്‌ മികവു കൂട്ടി ഈ ചിത്രം.

ക്ലൈമാക്സ്‌ ഒന്നാം തരം തന്നെ.( ഇതൊരു വിദേശിയാണെന്നും ഗോസിപ്പുണ്ടായിരുന്നു) തിരക്കഥ താങ്കളുടേതായതിനാല്‍ വില്ലന്റെ റോള്‍ താങ്കള്‍ തന്നെ നിര്‍വ്വഹിച്ചതിനാലും കഥാവസാനം ശ്രീനിയെന്ന നടനെ വെള്ളപൂശേണ്ട വിധേയത്വം ശ്രീനിയെന്ന തിരക്കഥാകൃത്തിനുണ്ടായി. പക്ഷെ ഞങ്ങളില്‍ പലരും കൊതിച്ചത്‌ രാജപ്പന്‍ അനര്‍ഹമായ രീതിയിലൂടെ പ്രേക്ഷകരില്‍ നിന്നും കരസ്ഥമാക്കിയ സൂപ്പര്‍സ്റ്റാര്‍ പദവി അതേ പ്രേക്ഷകര്‍ തന്നെ തിരിച്ചെടുക്കണമെന്നായിരുവെന്നാണ്‌. പ്രേക്ഷകരാവേണ്ടിയിരുന്നു ഉദയനാണു താരം എന്ന്‌ വിധിയെഴുതെണ്ടിയിരുന്നത്‌വ്യാജ സീഡി കാണില്ലന്ന വാശിയില്‍ ഒരുമാസം പിടിച്ചു നിന്നു. തൊട്ടടുത്ത തീയ്യേറ്ററില്‍ ദിവസവും ഫോണ്‍ ചെയ്തു ചോദിക്കും. ഉദയനാണു താരം എത്തിയില്ലന്നു കേള്‍ക്കുമ്പോള്‍ നിരാശനാവും. ടി.വി.യിലെ പരസ്യവും പത്രമാസികകളിലെ റിവ്യൂകളും കണ്ടപ്പോള്‍ പിന്നെ കാത്തുനില്‍ക്കാന്‍ ക്ഷമയുണ്ടായില്ല. വ്യാജന്‍ വാതിലിനു മുമ്പില്‍ തന്നെ നില്‍പ്പുണ്ടെപ്പോഴും. പരസ്യത്തിന്റെയും റിലീസ്‌ ഫ്രഷ്ണസിന്റെയും പരിമളം നഷ്ടപ്പെടുന്നതിന്ന്‌ മുമ്പ്‌ കൂടുതല്‍ പ്രിന്റുകള്‍ കൂടുതല്‍ തിയ്യേറ്ററുകളില്‍ ഒന്നിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പരസ്യം കൊണ്ടും മീഡിയാ കവറേജു കൊണ്ടും വിപരീത ഫലമാണുണ്ടാവുക ഇതൊരു ശരാശരി പ്രേക്ഷകന്റെ സത്യസന്ധമായ വീക്ഷണമാണ്‌. വേദനിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍ മാപ്പുതരിക.

സസ്നേഹം.

അബ്ദുല്‍ കരീം. തോണിക്കടവത്ത്‌.

Thursday, September 14, 2006

നെപ്പോളിയന്‍ ഡയനാമിറ്റ്

പേര് : നെപ്പോളിയന്‍ ഡൈനാമയിറ്റ്

വര്‍ഷം ; 2004
സംവിധാനം : ജാരെഡ് ഹെസ്സ്
അഭിനയിക്കുന്നവര്‍ : ജോണ്‍ ഹെഡര്‍, എഫ്രണ്‍ രാമിറസ്, ജോണ്‍ ഗ്രീസ്, ആരണ്‍ റുവല്‍ ...

വിഭാഗം : കോമഡി

മന്തനായ (മന്തന്‍ എന്ന പേര് യോജിക്കുമോ എന്നറിയില്ല..ലിസ്റ്റ്ലെസ്സ്, ഗോക്കീ, ഡംബ് ഹെഡ് എന്നൊക്കെ ഇംഗ്ലീഷില്‍ പറയാം) ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥയാണിത്. വാക്കിലും നോക്കിലും നില്‍പ്പിലും നടപ്പിലും പൊട്ടന്‍ എന്ന് തോന്നിക്കുന്ന ഒരുവന്‍. അവന്റെ പേര് നെപ്പോളിയന്‍ ഡൈനാമിറ്റ്. അവന്റെ സ്വഭാവത്തിന് പറ്റിയ ഒരു കുടുംബവുമാണ് മൂപ്പര്‍ക്കുള്ളത്. കേജ് ഫൈറ്റര്‍ ആവാന്‍ താത്പര്യമുള്ള ചേട്ടന്‍ കിപ്പും, സോക്കര്‍ പ്ലയറാവണം എന്ന ജീവിതാഭിലാഷവുമായി നടക്കുന്ന അങ്കില്‍ റിക്കും, പിന്നെ മുത്തശ്ശിയും.
സ്കൂളിലെ ഹാസ്യകഥാപാത്രമായ, പെണ്‍‌കുട്ടികള്‍ക്കനഭിമതനായ നെപ്പോളിയന് ഒരു മെക്സിക്കന്‍ ‘പൊട്ട‘നെ കൂട്ടിന് കിട്ടുന്നു. പെഡ്രോ. അവരുടെ സുഹൃത്ബന്ധം വളരുന്നു, ഇടക്ക് ഡെബ് എന്ന പെണ്‍കുട്ടിയും നപ്പോളിയന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു.
സ്കൂളിലെ പ്രസിഡന്റ് ഇലക്ഷന് പെഡ്രൊ നില്‍ക്കുന്നു. ഇലക്ഷന്‍ പ്രചരണത്തിന് സഹായിയായി നപ്പോളിയന്‍ മാത്രമാണ് പെഡ്രോയ്ക് കൂട്ട്.

ഇലക്ഷന്‍ റിസള്‍ട്ടോടെ കഥ അവസാനിക്കുന്നു. നെപ്പോളിയന്റെ ജീവിതം മാറുന്നു.

കോമഡി വിഭാഗത്തില്‍ പെട്ട ഈ സിനിമ എന്നെ ആകര്‍ഷിച്ചത് നെപ്പോളിയനായും പെഡ്രോ ആയും വരുന്ന അഭിനേതാക്കളുടെ പ്രകടനം കൊണ്ട് മാത്രമല്ല, ഈ സിനിമ എടുത്തിരിക്കുന്ന സ്റ്റൈലും ആകര്‍ഷകമാണ്.
ഒരു വ്യത്യസ്ത പടം. ഹൊളിവുഡ് ചവറുകളില്‍ നിന്ന് വളരെ വ്യത്യസ്തം. അത്ഭുതകരമായി ഒന്നുമില്ല താനും.

ഡയലോഗുകളും നപ്പൊളിയന്‍ , പെഡ്രോ, പെഡ്രോയുടെ ചേട്ടന്‍ റിക്ക് എന്നിവരുടെ ചേഷ്ടകളും അതീവ രസകരം. പെഡ്രോ ചിലപ്പോള്‍ പഴയ ശ്രീനിവാസനെ ഓര്‍മിപ്പിക്കുന്നു. നോക്കിലും ഭാവത്തിലും.

കാശുമുടക്കി ഈ ചിത്രം കാണേണ്ട കാര്യമില്ല. ചാനലുകളിലോ ലൈബ്രറികളിലോ ഉണ്ടെങ്കില്‍ കാണുക. അത്ര മോശമൊന്നുമല്ല, 2005ലെ എം.ടി.വി ഫിലിം അവാര്‍ഡില്‍ മികച്ച ഹാസ്യ ചിത്രത്തിനുള്ള അവാര്‍ഡ് ഇതിന് കിട്ടുകയുണ്ടായി.

ചിരിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഇഷ്ടപ്പെടും.ചിരിക്കും.

ബുദ്ധിജീവികള്‍, പ്ലീസ് അവോയിഡ്.

Monday, September 11, 2006

ലഗേ രഹോ മുന്നാഭായ്

ശ്യാമളന്റെ പുതിയ പടം കാണുവാനാണ് തീയറ്ററില്‍ എത്തിയതെന്നതിനാല്‍, അത് അവിടെ കാണാഞ്ഞതില്‍ അല്പം നിരാശ തോന്നി. അപ്പോളാണ് പുതിയ ഹിന്ദി പടം ലഗേ രഹോ മുന്നാഭായ് അവിടെയുണ്ടെന്ന് കണ്ണില്‍ പെടുന്നത്. എന്നാല്‍ പിന്നെ അത് കണ്ടുകളയാം എന്ന് കരുതി.
ലഗേ രഹോ മുന്നാഭായ് , മുന്നാഭായ് എം.ബി.ബി.എസ്സിന്റെ രണ്ടാം ഭാഗമാണ്.
മുന്നാഭായ് എം.ബി.ബി.എസ്സിനെക്കുറിച്ചല്പം. ഹിന്ദി സിനിമകള്‍ കണ്ട് ഞാന്‍ ചിരിക്കുന്നതപൂര്‍വ്വമാണെങ്കിലും (ലവ് കേ ലിയെ കുച്ച് ഭീ കരേഗായിലെ ജോണി ലിവറിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടാണ് ഞാന്‍ ഏറ്റവും അവസാനം ചിരിച്ചത്..വര്‍ഷങ്ങള്‍‌ക്ക് മുന്‍പ്) മുന്നാഭായ് എം.ബി.ബി.എസ് കണ്ട് ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു പോയി. വീണ്ടും വീണ്ടും ഞാന്‍ ആ പടം കണ്ടിട്ടുണ്ട്. പാച്ച് ആഡംസ് എന്ന ഹൊളിവുഡ് കോമഡിയുടെ കോപ്പിയാണ് എന്നാരോപണമുണ്ടെങ്കിലും അതിലും എത്രയോ രസകരമായിരുന്നു മുന്നാഭായ് എം.ബി.ബി.എസ്! പഴയ മലയാളം ഹാസ്യ സിനിമകളുടെ ഒപ്പം, ഇപ്പോഴത്തെ ഹാസ്യസിനിമകളേക്കാള്‍ എത്രയോ മുന്‍പില്‍ നില്‍ക്കുന്നതാണ് എം.ബി.ബി.എസ്സിലെ ഹാസ്യം!
നായകനായ മുന്നാഭായിയേക്കാള്‍ തിളങ്ങുന്നത് അസ്സിസ്റ്റന്റായ സര്‍കീട്ടും(അര്‍ഷദ് വാര്‍സി), മെഡിക്കല്‍ കോളേജ് ഡീനും (ബോമ്മാന്‍ ഇറാനി), മെഡിക്കല്‍ കോളേജിലെ പ്രഫസറായി വരുന്ന പേരറിയാത്ത തമാശക്കാരനും മറ്റുമാണ്.
ഗുണ്ടക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് പറഞ്ഞ് മാതാപിതാക്കളുടെ മുന്‍പില്‍ വച്ച് അപമാനിച്ച ഡീനിനെ ഒരു പാഠം പഠിപ്പിക്കാന്‍ എം.ബി.ബി.എസ് അഡ്മിഷന്‍ നേടി കൊളേജില്‍ ചേരുകയാണ് മുന്നാഭായ്. കോളേജിലെ തമാശകള്‍ക്കൊപ്പം സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ, കരുണയുടെ സന്ദേശവും അതി സുന്ദരമായി ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.
എന്റെ ഓള്‍ ടൈം ഇന്ത്യന്‍ ഫേവറിറ്റുകളില്‍ ഒന്നാണ് മുന്നാഭായ് എം.ബി.ബി.എസ്. കാണാത്തവര്‍ കാണണം.
ഹിന്ദി മനസ്സിലാകുമെങ്കില്‍ ചിരിക്കും എന്നതിന് ഞാന്‍ ഗ്യാരണ്ടി.

മുന്നാഭായി എം.ബി.ബി.എസ്സിന്റെ ഹാംഗ് ഓവര്‍ തന്ന പ്രതീക്ഷയോടെയാണ് ലഗേ രഹോ എന്ന രണ്ടാം ഭാഗം കാണാന്‍ കയറിയത്.
സത്യമായും നിരാശനായിപ്പോയി.
ക്ലിക്ക് ആയ ഒരു കഥാപാത്രത്തിനെ അമിതമായി ഉപയോഗിച്ച് എങ്ങിനെ നശിപ്പിക്കാം എന്ന് ലഗേരഹോ വ്യക്തമാക്കുന്നു. സര്‍ക്കീട്ട് എന്ന കഥാപാത്രം തന്നെ. സര്‍ക്കീട്ടിന്റെ ഡയലോഗുകള്‍ എം,ബി.ബി.എസ്സില്‍ പുതുമയുള്ളതും, ചിരിയുണര്‍ത്തുന്നതുമായിരുന്നെങ്കില്‍ ലെഗേ രഹോയില്‍ വെറും ആവര്‍ത്തനമാകുന്നു. ബോറടിക്കുന്നു.
ഒന്നാം ഭാഗത്തില്‍ ഡീനായി തിളങ്ങിയ ബൊമ്മാന്‍ ഇറാനി, ഇത്തവണ ലക്കി സിംഗായാണ് പ്രത്യക്ഷപ്പെടുന്നത്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രം. വളരെ സാധ്യതകളുള്ള ഒരു നടനെ തളച്ചിട്ടിരിക്കുന്നു, ലക്കി സിങ് എന്ന കഥാപാത്രത്തില്‍.
കോമഡിക്ക് വേണ്ടി കോമഡി പറയുകയാണ് മിക്കയിടങ്ങളിലും. ഒന്നാം ഭാഗത്തിന്റെ ഒഴുക്കില്ല, സിറ്റ്വേഷണല്‍ കോമഡിയില്ല, പല കോമിക്ക് സിറ്റ്വേഷന്‍‌സും രണ്ടാം ഭാഗത്തില്‍ കൃത്രിമം.

ഒന്നാം ഭാഗത്തിനോട് യാതൊരു ബന്ധവുമില്ലാത്ത കഥയും കഥാപാത്രങ്ങളും കല്ലുകടിയായി.

പാട്ടുകള്‍ : ആവറേജ്.

പ്ലസ്സസ് : മറക്കപ്പെട്ടു തുടങ്ങുന്ന ഗാന്ധിയന്‍ ചിന്തയെ പുനരുജ്ജീവിപ്പിക്കാന്‍ ചെറുതായെങ്കിലും ശ്രമിക്കുന്നു ഈ സിനിമ. ചെറിയ പ്രശ്നങ്ങളെന്ന് നമ്മള്‍ കരുതുന്ന ശുചിത്വമില്ലായ്മ, അഴിമതി, ജോലി ചെയ്യാനുള്ള മടി മുതലായവക്ക് ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ പരിഹാരം ഈ സിനിമ നല്‍കുവാന്‍ ശ്രമിക്കുന്നു. കൂടാതെ ജാതകം മുതലായ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നു. എല്ലാം കൂടെ അവിയല്‍ പരുവമാണെങ്കിലും കണ്ടിരിക്കാം.

വേര്‍ഡിക്റ്റ് : ഒന്നാം ഭാഗം കാണൂ...ആസ്വദിക്കൂ.
എന്നിട്ട് സമയമുണ്ടെങ്കില്‍ യാതൊരു പ്രതീക്ഷകളും ഒന്നാം ഭാഗത്തിന്റെ ഹാംഗ് ഓവറുമില്ലാതെ രണ്ടാം ഭാഗം കാണൂ.
സത്യം പറയണമല്ലോ..ഇപ്പോളിറങ്ങുന്ന മിക്ക മലയാളം/ഹിന്ദി പടങ്ങളേക്കാള്‍ കാമ്പും കാര്യവും, തമാശയുമുണ്ട് ലഗേ രഹോയിലും. പക്ഷേ ഒന്നാം ഭാഗം മുന്നാഭായി എം‌ബിബീസ് എന്ന ക്ലാസ്സിക്കുമായി തുലനം ചെയുമ്പോളാണ് പ്രശ്നം.

Friday, September 08, 2006

ജെറി മഗ്വയര്‍

എന്റെ എക്കാലത്തേയും ഫേവറിറ്റുകളില്‍ ഒന്ന്.
കാമറോണ്‍ ക്രോവ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത കോമഡി/ഫീല്‍‌ ഗുഡ് പടം.

ജെറി മഗ്വയര്‍.

അവാര്‍ഡുകള്‍ :
കൂബാ ഗുഡിംഗ് ജൂനിയര്‍ :ഏറ്റവും നല്ല സഹനടന്‍ - 1997 ഓസ്കാര്‍
ടോം ക്രൂയിസ്സ് : ഏറ്റവും നല്ല നായക നടന്‍ - 1997 ഗോള്‍‌ഡന്‍ ഗ്ലോബ്.
അക്കാദമി നോമിനേഷനുകള്‍ നിരവധി.


അഭിനയിക്കുന്നത് : ടോം ക്രൂയിസ്സ്, കൂബാ ഗുഡിംഗ് ജൂനിയര്‍, റെനെ സല്ലെഗര്‍, ജോനാതന്‍ ലിപ്നിക്കി മുതലായവര്‍.

കഥ : പ്രശസ്തമായ ഒരു സ്പോര്‍ട്ട്സ് ഏജന്‍സി കമ്പനിയില്‍ ജോലിയുള്ള മികച്ച സ്പോര്‍ട്ട്‌സ് ഏജന്റായ (ഒരു സ്പോര്‍ട്ട്സ് ഏജന്റ് എന്ന് വച്ചാല്‍ ഒരു സ്പോര്‍ട്ട്സ് സ്റ്റാറിന്റെ മാനേജര്‍ എന്ന് പറയാം. ആ താരത്തിനു വേണ്ട കോണ്ട്രാക്റ്റുകള്‍, പരസ്യ ഇടപാടുകള്‍, ഇമേജ് ബില്‍‌ഡിംഗ്, എന്നു വേണ്ട പെര്‍ഫോര്‍മന്‍സിലെ കുഴപ്പങ്ങള്‍ വരെ ഈ സ്പോര്‍ട്സ് ഏജന്റുമാര്‍ സശ്രദ്ധം വീക്ഷിക്കുന്നു, പഠിക്കുന്നു, മെച്ചപ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നു, താരത്തിന്റെ മാര്‍ക്കെറ്റ് വില കൂട്ടുന്നു, കൂടുതല്‍ കാശ് താരത്തിനും അതിന്റെ ഒരു പങ്ക് ഏജന്റിനും)
ജെറി ഒരു കൊച്ചുവെളുപ്പാന്‍ കാലത്തുണ്ടായ വെളിപാട് മൂലം ഒരു മെമ്മോ തയ്യാറാക്കി ഓഫീസില്‍ വിതരണം ചെയ്യുന്നു. കുറച്ച് ക്ലൈന്റ്സ്, കൂടുതല്‍ പേര്‍സണല്‍ ശ്രദ്ധ എന്ന മനുഷ്യത്വപരമായ സമീപനം ആയിരുന്നു ആ മെമ്മോയുടെ കാതല്‍. ജെറിക്ക് ജോലി നഷ്ടപ്പെടുന്നു. ജെറിയുടെ കൂടെ കമ്പനി വിട്ടിറങ്ങിയ, ജറിയെ മനസ്സില്‍ ആരാധിക്കുന്ന താഴ്ന സഹപ്രവര്‍ത്തകയായ ഡോറോത്തി ബോയ്‌ഡുമൊത്ത് ജെറി പുതിയ കമ്പനി തുടങ്ങുന്നു.
പക്ഷേ ജെറിയുടെ ക്ലൈന്റുകളില്‍ ആകെ ഒരേയൊരു കളിക്കാരന്‍ മാത്രമേ ജെറിയുടെ പുതിയ കമ്പനിയുമായി തങ്ങളുടെ ഏജന്റ് കോണ്ട്രാക്റ്റ് പുതുക്കാന്‍ സന്നദ്ധമാകുന്നുള്ളൂ. ശരാശരി കളി കളിക്കുന്ന ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ഫുട്ബോളര്‍ , റോക്ക് ടിഡ്വെല്‍.
ജെറിയുടെ വീക്ഷണം ജെറി സ്വന്തം കമ്പനിയില്‍ ഉപയോഗിക്കുന്നുവോ? ഈ ഒരൊറ്റ ആവറേജ് കളിക്കാരനേയും കൊണ്ട് ജെറിക്ക് വിജയിക്കാനാകുമോ? ആരാധികയായ ഡോറോത്തിയുമായി ജെറിയുടെ ബന്ധം എങ്ങിനെ വളരുന്നു? എന്നൊക്കെയാണ് ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍.

വളരെ മനോഹരമായി എടുത്ത സിനിമയാണിത്. കോമഡിക്കാണ് പ്രാധാന്യമെങ്കിലും, മനുഷ്യബന്ധങ്ങളുടെ, അതിനു വേണ്ട ആത്മാര്‍ത്ഥതയുടെ ആവശ്യകത എടുത്തുകാട്ടുന്നു ഈ ചിത്രം.
ടോം ക്രൂയിസ്സും ക്യൂബാ ഗുഡിഗും റെനെ സെല്ലെഗറും മത്സരിച്ചഭിനയിച്ചിരിക്കുന്നു.

സ്ക്രീന്‍ ലൈഫിലെ ഏതെങ്കിലും ഹീറോയെ ഐഡൊല്‍ ആക്കാമെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കുക ജെറി എന്ന ഈ സിനിമയിലെ നായകകഥാപാത്രത്തെയാണ്. അമാനുഷികമായി ഒന്നുമില്ല. എങ്കില്‍ എല്ലാവര്‍ക്കും ഇഷ്ടപെടുന്ന കഥാപാത്ര സൃഷ്ടി. ഒരോരോ ചെറിയ ചലനങ്ങള്‍ പോലും സംവിധായകന്‍ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.

ക്യൂബാ ഗുഡിംഗ് അവതരിപ്പിക്കുന്ന ടിഡ്വെല്‍ എന്ന കളിക്കാരനും അതുല്യം. മികച്ച സഹനടനുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ഈ കഥാപാത്രത്തിന് ലഭിക്കുകയുണ്ടായി.

വളരെ നല്ല ഹ്യൂമര്‍ നിലവാരം പുലര്‍ത്തുന്നു ഈ ചിത്രം.

തീര്‍ച്ചയായും കാണേണ്ട പടം.

ഏജ് റെസ്റ്റ്രിക്ഷന്‍ - 16 (ഭാഷ, ചില രംഗങ്ങള്‍)

Thursday, September 07, 2006

വേട്ടയാട്‌ വിളയാട്‌

സംവിധാനം : ഗൌതം
അഭിനയിക്കുന്നവര്‍ : കമലാഹാസന്‍, പ്രകാശ്‌ രാജ്‌ ,ജ്യോതിക ക്യാമറ : രവി വര്‍മ്മന്‍
സംഗീതം : ഹാരിസ്‌ ജയരാജ്‌

ഒരുപാട്‌ പ്രതീക്ഷയൊന്നുമില്ലാതെയാണ്‌ ഞാന്‍ വേട്ടയാട്‌ വിളയാട്‌ കാണാന്‍ പോയത്‌. മാറ്റിനിക്ക്‌ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മോണിഗ്‌ ഷോ കഴിഞ്ഞു വന്ന ആളുകളോട്‌ എങ്ങനെയുണ്ട്‌ എന്നു ചോദിച്ചപ്പോള്‍ അടിപൊളി എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അതോടുകൂടി പ്രതീക്ഷ സെന്‍സ്ക്‌ പോലെ മുകളിലോട്ടുയര്‍ന്നു.

ഇന്റര്‍വല്‍ വരേ പ്രതിക്ഷ തെറ്റിയില്ല പക്ഷെ രണ്ടാം പകുതി എന്നേ നിരാശനാക്കികളഞ്ഞു.

ഒന്നാം പകുതിയില്‍ നിറഞ്ഞു നിന്ന സസ്പെന്‍സ്‌ നിലനിര്‍ത്താന്‍ ഗൌതമിന്‌ കഴിയത്തതാണ്‌ ഈ ചിത്രത്തിന്റെ പോരായ്മ. നായകനായല്‍ നായിക വേണം അതും മുഴുവന്‍ സമയം വേണം എന്ന തമിഴ്‌ സിനിമ നിബന്ധനകളൊക്കെയാണ്‌ ജ്യോതികയേ പ്രസക്തമാക്കുന്നത്‌. വിരസമായ രണ്ടാം പകുതിക്ക്‌ ജ്യോതിക ഒരു കാരണം ആകുന്നതും അതുകൊണ്ടാണ്‌.

ന്യൂയൊര്‍ക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ രവി വര്‍മ്മന്റെ ക്യാമറ വിജയിച്ചിരിക്കുന്നെങ്കിലും ഹാരിസ്‌ ജയരാജിന്റെ ഗാനങ്ങള്‍ അവറേജില്‍ ഒതുങ്ങി.

എന്റെ റേയ്റ്റിംഗ്‌ 2/5 **

Wednesday, August 30, 2006

കീര്‍ത്തിചക്ര


ഭാഷ: മലയാളം
സംവിധായകന്‍: മേജര്‍ രവി
നിര്‍മ്മാതാവ്: സൂപ്പര്‍ ഗുഡ് ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ ലാല്‍ ജീവ ബിജു മേനോന്‍ ഷമ്മി തിലകന്‍ കൊച്ചിന്‍ ഹനീഫ ഗോപിക ലക്ഷ്മി ഗോപാലസ്വാമി
സംഗീതം: ജോഷ്വ ശ്രീധര്‍
വരികള്‍: ഗിരീഷ് പുത്ത‍ഞ്ചേരി

ഈ സിനിമ കണ്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകമുണ്ട്. ഈ സിനിമയില്‍ ഉതിര്‍ക്കുന്ന ഓരോ വെടിയും കൊള്ളുന്നത് പ്രേക്ഷകന്റെ നെഞ്ചിലാണെന്ന്. സിനിമയെപ്പറ്റി പറയാന്‍ എനിക്കേറ്റം അനുയോജ്യമായി തോന്നിയതും ഈ അഭിപ്രായം തന്നെ. കാരണം, സിനിമ കണ്ടിറങ്ങുമ്പോഴേക്കും ഞാന്‍ പാതി ചത്തിരുന്നു.

മലയാളം സിനിമകള്‍ മാത്രം കാണുന്ന ഒരു പ്രേക്ഷകന് ഈ സിനിമ ഒരു പുതിയ അനുഭവമാണ്. മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ആക്ഷന്‍ സീനുകളും ചിത്രീകരണവും കഥാതന്തുവുമൊക്കെ ഇതില്‍ കാണാം. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങളും, വണ്ടികളും പട്ടാളക്കാര്‍ ഉപയോഗിക്കുന്നത് തന്നെയാണ്. സംഭാഷണങ്ങള്‍ക്ക് മുന്‍‌തൂക്കമില്ലാതെ ആക്ഷന് പ്രാധാന്യം കിട്ടുന്നതും സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ ഒരു പുതുമ തന്നെ. ആക്ഷന്‍ രംഗങ്ങളില്‍ ക്യാമറ ഒരിടത്ത് അനക്കാതെ വച്ച് ഷൂട്ട് ചെയ്യുന്ന പതിവ് രീതിക്ക് പകരം, ക്യാമറ shake ചെയ്ത് കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്, യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു.

എന്നാല്‍ ഇത് തന്നെയാണ് ഈ സിനിമയുടെ ഒരു പോരായ്മയും. ഹിന്ദി സൈനിക സിനിമകളും ഇംഗ്ലീഷ് സിനിമകളും എന്തിന്, തമിഴ് സിനിമയിലെ ആക്ഷനുകള്‍ കണ്ട് ശീലിച്ചവര്‍ക്ക് പോലും ഇത് ദഹിക്കാന്‍ പ്രയാസമാകും. അങ്ങിനെയുള്ളവര്‍ക്ക് ഇതൊരു തികഞ്ഞ അനുകരണമായേ കാണാനാകൂ. ക്യാമറ കുറച്ചധികമായി തന്നെ കുലുക്കുന്നത്, ചില രംഗങ്ങളില്‍ അരോചകമാകുന്നുണ്ട് താനും. ആദ്യമായി ഒരു മലയാളം സിനിമയില്‍ ശരിയായ ആയുധങ്ങള്‍ ഷൂട്ടിങ്ങിനായി കിട്ടിയിട്ടും ആ ആയുധങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല. സുരേഷ് ഗോപി ചിത്രങ്ങള്‍‍ കാണുന്നപോലെ ആ ആയുധങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്നു. കാശ്മീരില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഭീകരാന്തരീക്ഷം ചിത്രത്തില്‍ സൃഷ്ടിക്കാന്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയണം.

ബിജു മേനോന്‍ എന്ന നടന്റെ റോള്‍ തികച്ചും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല ചിത്രത്തില്‍. ഒന്നോ രണ്ടോ സീനുകള്‍ക്കപ്പുറത്ത് ബിജു പ്രത്യക്ഷപ്പെടുന്നില്ല. കൊച്ചിന്‍ ഹനീഫയും അങ്ങിനെ തന്നെ. ഷമ്മി തിലകന്റെ, ചോര കണ്ടാല്‍ പേടിയാകുന്ന ഒരു കമാന്റോയുടെ റോള്‍ കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയില്‍ ആയിപ്പോകും പ്രേക്ഷകന്‍. സ്വയം ഒരു പട്ടാളക്കാരനായിരുന്നിട്ടുകൂടി തന്റെ മകളുടെ ഭര്‍ത്താവിനെ, കാശ്മീരില്‍ നിന്ന് ജീവന് അപകടമില്ലാത്ത മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ അമ്മായിഅപ്പനും സിനിമയെ അപഹാസ്യമാക്കുന്നു. ഗോപികയും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തില്‍ പാട്ടുസീനുകള്‍ക്ക് മാത്രമായി ഉള്‍ക്കൊള്ളിച്ച പോലെയേ തോന്നിക്കുന്നുള്ളൂ. നായകന്‍, ഭാര്യ ജീപ്പില്‍ വച്ച ബോമ്പിനാല്‍ മരിക്കുമ്പോള്‍ ആ ജഡത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന സീനില്‍, ചുറ്റുംകൂടിയ ജനക്കൂട്ടത്തിന്റെ ഇടയില്‍ മൊബൈല്‍ഫോണുമായി ഒരാള്‍ നടന്ന് പോകുന്നത് കണ്ട് അയാളാണിത് ചെയ്തതെന്ന് ഊഹിക്കുകയും, അവസാന സീനില്‍ അയാളെ തിരിച്ചറിയുകയും ചെയ്യുന്നത് ശുദ്ധ ഭോഷ്കായി തോന്നിയാല്‍ അദ്ഭുതമുണ്ടോ? യുദ്ധമുന്നണിയില്‍ മുന്നില്‍ നിന്ന് തീവ്രവാദികളോട് യുദ്ധം നയിക്കുന്ന മേജറോട് ഓരോ അഞ്ച് മിനുട്ട് കൂടുമ്പോഴും എന്നെ വിളിച്ച് അപ്ഡേറ്റ് തരണം എന്ന് മെസ്സേജ് കൊടുക്കുന്ന സായികുമാറിനെ തീവ്രവാദികള്‍ കൊന്നില്ലെങ്കിലും പ്രേക്ഷകന്‍ കൊല്ലാന്‍ സാധ്യതയേറെയാണ്. പടത്തിലുടനീളം ഇസ്ലാമിനെപ്പറ്റി തീവ്രവാദികള്‍ തന്നെ പറയുന്ന വാചകങ്ങള്‍ പാ‍രമ്പര്യ മുസ്ലീം മത വിശ്വാസികളെ ചിത്രത്തില്‍ നിന്നകറ്റും എന്നതില്‍ തര്‍ക്കമുണ്ടാകാന്‍ തരമില്ല.

പടത്തില്‍ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, ഇന്റെര്‍വെല്ലിനു ശേഷം വരുന്ന ഒരു ബലാത്സംഗമാണ്. ഇതിപ്പോള്‍ തീരും എന്ന് വിചാരിക്കുന്ന പ്രേക്ഷകനെ അമ്പരപ്പിച്ചുകൊണ്ട് പത്ത് മിനുട്ടിലധികം നീളുന്നു ഈ കൃത്യം. നന്ദിതാ ദാസിന്റെ ചില ഹിന്ദി സിനിമകളേക്കാളും ഗഹനമായി, ഒരു ബാലാത്സംഘം എന്നാല്‍ എന്ത് എന്നതിന് ഒരു ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍തന്നെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗത്തില്‍ ബേബി സനൂഷ മുഴുവന്‍ നേരവും ദൃക്‌സാക്ഷിയായി തന്നെ ഉണ്ടെന്നുള്ളതും ഞെട്ടലോടെ മാത്രമേ കാണാന്‍ സാധിക്കൂ.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം ആര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെയാണ്. കടിച്ചാല്‍ പൊട്ടാത്തതോ, നീളം കൂടുതലുള്ളതോ ആയ ഡയലോഗുകള്‍ ഒന്നും പറഞ്ഞ് നായകന്‍ ഇവിടെ കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്നില്ല. പ്രായത്തിന്റെ ഒരു ക്ഷീണവും അദ്ദേഹം ഒരിടത്തും കാണിച്ചിട്ടില്ല. വളരെ തന്മയത്വമായി ഒരു മേജറിന്റെ കാര്‍ക്കശ്യവും ഒരു സ്നേഹമുള്ള ഭര്‍ത്താവിന്റെ മൃദുലതയും അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയത്തികവുകള്‍ കാണിക്കാനായുള്ള അധികം അവസരങ്ങള്‍ സിനിമയുടെ കഥ ‍അദ്ദേഹത്തിന് നല്‍കിയില്ല എന്നത് സിനിമയുടെ ഒരു പോരായ്മയായി തോന്നാം.

പൊണ്ണത്തടിയും വച്ച് മുടി നീട്ടി വളര്‍ത്തിയ ഒരു കമന്റോയാ‍യാണ് “ജീവ” സിനിമയില്‍ ഉള്ളതെങ്കിലും ജീവയുടെ പ്രകടനം അഭിനന്ദനാര്‍ഹം തന്നെയാണ്. ജീവ സിനിമയില്‍ മുഴുനീളം തമിഴാണ് ഉപയോഗിക്കുന്നതെങ്കിലും അത് മലയാളികള്‍ക്ക് മടുക്കാന്‍ സാധ്യതയില്ല. നായകന് കുതിരകേറാനായി സ്ഫടികം ജോര്‍ജ്ജും ശ്വേതാ മേനോനും ഇടക്ക് വന്ന് പോകുന്നുണ്ട്, അതില്‍ കവിഞ്ഞ് അവര്‍ കഥയ്ക്ക് യാതൊരു രീതിയിലും സ്വാധീനിക്കുന്നില്ല.

മൊത്തതില്‍ നോക്കിയാല്‍ ആകെ തിളങ്ങുന്നത് സംഗീത സംവിധായകന്‍ ജോഷ്വാശ്രീധറാണ്. ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും വളരെ മനോഹരമാണ്. ഇപ്പോള്‍ തന്നെ അവ ഹിറ്റ് ചാര്‍ട്ടുകളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. പാട്ടുകളുടെ ചിത്രീകരണവും നയനാനന്ദകരം. പാട്ടുകളും, പാട്ടുകള്‍ മാത്രമുള്ള വീഡിയോ സി.ഡിയും ഒരു “must-buy” തന്നെ. മുഴുവന്‍ സിനിമയുടെ സി.ഡി വാങ്ങിയിട്ട് കാര്യമുണ്ടാകാന്‍ വഴിയില്ല. വാങ്ങുന്നവര്‍ സിനിമ ഒന്നിലധികം പ്രാവശ്യം കാണാന്‍ സാധ്യത തുലോം തുച്ഛം.

എങ്കിലും ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ രവി ഒരു വിജയം ആണെന്ന് തന്നെ പറയണം. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ആക്ഷനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതെങ്കിലും, ഒരു സിനിമയില്‍ അത്യാവശ്യം വേണ്ട റൊമാന്‍സ്, സെന്റിമെന്റ്സ്, ഡയലോഗ്സ്, നായകന്റെ സൂപ്പര്‍ ഹ്യൂമന്‍ കഴിവുകള്‍ എന്നൊക്കെ വളരെ നന്നായി സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിനിമയുടെ ലൊക്കേഷനുകള്‍ അതിഗംഭീരമെന്ന് മാത്രമല്ല, അത് നന്നായി ചിത്രീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആദ്യ തവണ കാണുമ്പോള്‍ ബോറടിക്കാന്‍ വളരെക്കുറച്ചുമാത്രം സാധ്യത ഉള്ള ചിത്രം. അതിനാല്‍ തന്നെ ചിത്രം ഒരു ഗംഭീര വിജയമാകുമെന്നതില്‍ ഒരു സംശയവും വേണ്ട.

എന്റെ റേറ്റിങ്ങ്: 3.5/5

Tuesday, August 29, 2006

അടൂര്‍ ഗോപാലകൃഷ്ണണന്റെ സിനിമകള്‍

സമാന്തര സിനിമകളെ വളരെ പുഛത്തോടെ ..അത്‌ ബുദ്ധിജീവികളുടെ സിനിമ എന്നാക്ഷേപിച്ച്‌ പുറംകാലുകൊണ്ട്‌ തട്ടി തെറിപ്പിക്കുന്നവരാണു പലരും ..., എന്റെ അഭിപ്രായത്തില്‍ സിനിമയുടെ കാതല്‍ സമാന്തര സിനിമകളാണ്, ജീവാത്മകമായുള്ള ചിന്തകളും കാലഘട്ടത്തിന്റെ വേദനകളും ആഢംഭരമില്ലാതെ അവതരിപ്പിക്കപെടുകയും ചെയ്യുന്ന മാധ്യമ മാര്‍ഗമാണ് സമാന്തര സിനിമകള്‍, ഒരു രാജ്യത്തിന്റെ, പ്രദേശത്തിന്റെ ഗദ്ഗദങ്ങള്‍, സാംസ്ക്കാരിക തനിമ, പൈതൃ‍കത്വം, എല്ലാം സമാന്തര സിനിമകളില്‍ ദര്‍ശ്ശിക്കപ്പെടുന്നു, ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവയാണു സമാന്തര സിനിമകള്‍.

സമാന്തര സിനിമകള്‍ പൂര്‍ണ്ണതയോടെ അവതരിപ്പിക്കാന്‍ കഴിവുള്ള മലയാളികളൂടെ അഭിമാനമാണു അടൂര്‍ ഗോപാലകൃ‍ഷ്ണന്‍, അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം പോലും പയറ്റിതെളിഞ്ഞ അഭിനേതാക്കള്‍ക്ക്‌ അസുലഭവസന്ദര്‍ഭമാണു അതില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാം സമാന്തര സിനിമകളുടെ പ്രസക്തി.

കുട്ടിയായിരിക്കുമ്പോഴാണു ഞാന്‍ സ്കൂളില്‍ നിന്ന് അടൂരിന്റെ രണ്ടാമത്തെ സമാന്തര സിനിമയായ കൊടിയേറ്റം കാണാന്‍ ഭാഗ്യം ഉണ്ടാവുന്നത്‌ ... സത്യത്തില്‍ എന്താണു സിനിമ എന്ന തിരിച്ചറിവിനു മുന്‍പ്‌ കണ്ട സിനിമയാണത്‌... എന്നാല്‍ ഇന്നും അതിലെ ചില രംഗങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ട്‌, അദ്ദേഹം ആകെ ഒന്‍പത്‌ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍കുത്ത്‌ )സമാന്തര സിനിമകള്‍ക്കാണു സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്‌.

ഞാന്‍ കണ്ട അദ്ദേഹത്തിന്റെ സിനിമകള്‍, കൊടിയേറ്റം, വിധേയന്‍, മതിലുകള്‍, നിഴല്‍കുത്ത്‌ എന്നിവയാണു ആധികാരികതക്കപ്പുറത്ത്‌ നിന്നേ എനിക്കിതിനെ വിലയിരുത്താനാവൂ കാരണം .. അടൂര്‍‍ ഗോപാലകൃ‍ഷ്ണന്‍ എന്ന മലയുടെ മുന്‍പിലെ വെറുമൊരു എലിയാണു ഞാനെന്ന സത്യം ഉള്‍‍കൊള്ളുന്നത്‌ കൊണ്ട്‌, കൊടിയേറ്റം ഓര്‍മ്മകള്‍ക്കപ്പുറത്താണു , വിധേയന്‍.., പോള്‍ സക്കറിയ എഴുതിയ ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിന്റെ ചലചിത്രാവിഷ്കരണമാണു വിധേയന്‍, ഒരു നായക നടന്‍ വില്ലന്‍ കഥാപാത്രമാവുന്നു എന്നതും ഈ സിനിയിലെ പ്രത്യേകതയാണു, ശരിക്കും ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ തൊമ്മി (എം.ആര്‍.ഗോപകുമാര്‍) എന്ന കഥാപത്രത്തിന്റേതാണ് , അദ്ദേഹത്തിന്റെ പട്ടേലരോടുള്ള വിധേയത്വമാണു ഇതിന്റെ പ്രമേയം , അത്‌ വളരെ തന്‍മയത്തത്തോടെ അടൂര്‍‍ നമ്മുക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു, ആയിരത്തി തൊള്ളായിരത്തി തൊണ്ണുറ്റിമൂന്നിലെ ദേശീയ അവാര്‍ഡ്‌ മമ്മുട്ടിക്ക്‌ വാങ്ങി കൊടുത്തത്‌ ഈ ചിത്രമാണു, അന്നത്തെ ഏറ്റവും നല്ല സിനിമയും, നല്ല സംവിധായകനുമുള്ള സ്റ്റേറ്റ്‌ അവാര്‍ഡും ഈ സിനിമ വാരിക്കൂട്ടി.

അടൂരിന്റെ മനോഹരമായൊരു ചിത്രമാണു നിഴല്‍കുത്ത്‌, പതിവില്‍ നിന്ന് വിപരീതമായി ഒരല്‍പ്പം നിറവും കൂടി ഇദ്ദേഹം ഈ സിനികയില്‍ ചേര്‍ത്തിട്ടുണ്ട്‌, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളിലെ തിരുവിതാംകൂറിലെ അവസാനത്തെ ആരാച്ചാര്‍, അദ്ദേഹത്തിന്റെ മകന്‍ തൂക്കിക്കൊലക്കെതിരെ സമരം ചെയ്യുന്ന വ്യക്തി, ആ കാലഘട്ടത്തിന്റെ ആചാരങ്ങളും, വിശ്വാസങ്ങളും ശരിക്കും അടൂര്‍‍ നമ്മുക്ക് ‌വേണ്ടി പുനഃവതരിപ്പിച്ചു, സ്ത്രീ സ്വാതന്ത്രം, സ്ത്രീ വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങള്‍, എന്നിവയെല്ലാം അദ്ദേഹം നമ്മുക്ക്‌ മുന്‍പില്‍ ലളിതമായി അവതരിപ്പിച്ചു, ഒരു നിരപരാധിയെ ക്കൊല്ലേണ്ടിവന്ന സങ്കടം പേറുന്ന കാളിയപ്പന്‍ (ഒടുവിലിനു നമുക്ക്‌ പ്രണാമം അര്‍പ്പിക്കാം) എന്തിനെതിരെ പോരാടിയോ അത്‌ സ്വയം ഏറ്റെടുക്കേണ്ടി വന്ന ഒരു യുവാവിന്റെ നിസ്സഹായവസ്ഥയും എന്ത്‌ മനോഹരമായാണു അടൂര്‍‍ നമുക്ക്‌ വേണ്ടി അവതരിപ്പിച്ചത്‌.

അടൂരിന്റെ ആറാമത്തെ ചിത്രമാണു മതിലുകള്‍, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളില്‍ വിശ്വപ്രസിദ്ധ എഴുത്തുക്കാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്വന്തം ജയില്‍ ജീവിതാനുഭവം ചെറുനോവലില്‍ രചിക്കപ്പെട്ട മതിലുകള്‍ തന്നെയാണു അടൂര്‍‍‍ നമുക്ക്‌ വേണ്ടി മതിലുകള്‍ എന്ന ചലചിത്രം സൃ‍ഷ്ടിച്ചത്‌, കണ്ണുകള്‍ക്കുമപ്പുറത്തുള്ള, സ്വരത്താല്‍ മാത്രം ഗ്രഹിച്ച മധുരമായൊരു പ്രണയത്തിന്റെ മാധുര്യം ചോരാതെ തന്നെ നമുക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു, ബഷീര്‍ തന്നെ വളരെയധികം പ്രശംസിച്ചൊരു സിനിമ . നമുക്ക്‌ സുപരിചിതമായ ഒരു സ്ത്രീ ശബ്ദം അതൊരുപക്ഷെ ആ സിനിമയുടെ ഒരു ചെറു ന്യൂനതയായി കാണാം , പ്രേക്ഷകര്‍‍ക്ക്‌ കൂടി അപരിചിതമായൊരു ശബ്ദം കൂടി ആയിരുന്നെങ്കില്‍.

വിചാരം

Monday, August 28, 2006

തുടക്കം

നല്ല എഴുത്തുകാരുള്ള ഈ ബൂലോകത്ത് എന്ത് കൊണ്ട് പുതിയ സിനിമകള്‍ക്ക് നല്ല നിരൂപണങ്ങള്‍ ഉണ്ടാകുന്നില്ല? ഈ ബ്ലോഗ് അതിനുള്ള ശ്രമമാണ്. സിനിമകളെ പൊക്കിപ്പറഞ്ഞ് ഹിറ്റാക്കാനും, കരിവാരിത്തേച്ച് ഫ്ലോപ്പാക്കാനും ഒരു ബ്ലോഗ് മാത്രം കൈവശമുള്ള പ്രേക്ഷകര്‍ക്കുള്ള ഉപാധി.

ചില നിയമാവലികള്‍ ഇവിടെ ആവശ്യമെന്ന് തോന്നുന്നു. ഇതാ ചിലത്.

  1. ഇവിടെ എഴുതുന്ന അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ മാത്രമാണ്. എതിര്‍പ്പുണ്ടെങ്കില്‍ കമന്റിട്ട് അറിയിക്കാം, പോസ്റ്റ് ആരെയും അധിക്ഷേപിക്കാത്തിടത്തോളം ഡിലീറ്റ് ചെയ്യപ്പെടുന്നതല്ല.
  2. ഒരാള്‍ക്കിഷ്ടമായ സിനിമ മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ലെന്ന് വരാം. തിരിച്ചും. അതിനാല്‍ പോസ്റ്റുകള്‍ മുഖവിലയ്ക്കെടുക്കുന്നതിനു മുന്‍പ് രണ്ടാമതൊന്നാലോചിക്കുക.
  3. തനിക്കിഷ്ടമായില്ല എന്ന് പറയുമ്പോള്‍, അതിനു കാരണങ്ങളും വിശദമാക്കുക. പക്ഷെ ആ അഭിപ്രായങ്ങള്‍ ചിലരുടെ വികാരങ്ങളെ ഹനിക്കാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ ആത്മസംയമനം പാലിക്കാന്‍ ശ്രദ്ധിക്കുക.
  4. ഒരു പോസ്റ്റില്‍ ഒരു സിനിമയെക്കുറിച്ചേ പ്രതിപാദിക്കാവൂ. ഓരോ പോസ്റ്റിന്റെ പേരും ആ പോസ്റ്റില്‍ പറയുന്ന സിനിമയുടെ പേരായിരിക്കണം.
  5. ഏത് ഭാഷയിലെ സിനിമകളേയും കുറിച്ച് വിമര്‍ശിക്കാം.
  6. ഏത് കാലഘട്ടത്തിലെ സിനിമകളേയും കുറിച്ച് വിമര്‍ശിക്കാം.
  7. സിനിമയിലെ പാട്ടുകളേയും വിമര്‍ശിക്കാം/അനുമോദിക്കാം.
  8. സിനിമയ്ക്ക് അഞ്ചില്‍ എത്ര റേറ്റിങ്ങ് കൊടുക്കുമെന്നും പറയാവുന്നതാണ്.
  9. വേറൊരാള്‍ എഴുതിയ വിമര്‍ശനത്തേക്കാള്‍ നന്നായി എഴുതാന്‍ തനിക്ക് കഴിയുമെന്ന് കണ്ടാല്‍ പുതിയ ഒരു പോസ്റ്റ് ഇടാവുന്നതാണ്. പക്ഷെ ആദ്യം എഴുതിയ ആളിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ പാടുള്ളതല്ല്ല്ല.
  10. സിനിമയിലേ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കാന്‍ ശ്രമിക്കുക.
  11. നിരൂപണം സിനിമയുടെ കഥ ചുരുക്കി എഴുതുന്നത് ആകരുത്.
  12. അസഭ്യമായതൊന്നും സ്വീകാര്യമല്ല.

നല്ല നിരൂപണങ്ങള്‍ ഈ ബ്ലോഗില്‍ വരുംകാലങ്ങളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ