Tuesday, May 29, 2007

ഓള്‍ ദ കിംഗ്സ് മെന്‍



അക്കാഡമി അവാര്‍ഡ് ജേതാവ് ഷോണ്‍ പെന്‍ (ചിത്രം ‘മിസ്റ്റിക് റിവര്‍‘ - വര്‍ഷം 2003‌) പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമ ‘ഓള്‍ ദ കിംഗ്സ് മെന്‍’.



ലൂയിസിയാന സംസ്ഥാനത്തെ ഒരു ചെറുപട്ടണത്തില്‍ വക്കീലായിരുന്ന വില്ലി സ്റ്റാര്‍ക്ക്, വോട്ടുമറിക്കാനുള്ള ഡമ്മിയായി രാഷ്ട്രീയത്തിലെത്തിപ്പെടുന്നതും അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ലൂയിസിയാന കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പോപ്പുലറായ ഗവര്‍ണ്ണറായി മാറുന്നതുമാണ് ചിത്രത്തിന്റെ ത്രെഡ്.



പരിധിയില്ലാത്ത അധികാരത്തിന്റെ തുടര്‍ച്ചയില്‍ സ്വയം മറക്കുന്ന, ഗവര്‍ണ്ണറായ ശേഷം സ്വന്തം home town സന്ദര്‍ശിക്കുമ്പോള്‍ വീടിനുപകരം നക്ഷത്രഹോട്ടലില്‍ താമസിക്കുമായിരുന്ന, അഴിമതിക്കാരനാകുന്ന, എന്നിട്ടും ജനപ്രീതീപാത്രമായി നിലകൊണ്ട ‘ഹ്യൂയി ലോംഗ്’ എന്ന മുന്‍-ഗവര്‍ണ്ണറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ത്രെഡ്.



റോബര്‍ട്ട് പെന്‍ വാറന്‍ എന്ന എഴുത്തുകാരന്റെ ഇതേ നോവല്‍ ഇതേപേരില്‍ 1949-ല്‍ സിനിമ ആയിരുന്നത് കണ്ടിട്ടുണ്ടെങ്കില്‍ ഈ ചിത്രം കാണേണ്ട ആവശ്യമില്ല. പക്ഷേ, അമിതാഭിനയത്തിന്റെ സകല പരിധികളും ലംഘിക്കുന്ന പല താരങ്ങളും മഹാനടന്മാരായി കരുതപ്പെടുന്ന നമ്മുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍, നിരൂപകര്‍ 7/10 കൊടുത്തിരിക്കുന്ന ഷോണ്‍ പെന്നിന്റെ ‘വില്ലി സ്റ്റാര്‍ക്ക്’ വളരെ entertaining ആയ ഒരു കഥാപാത്രമാണ്; ഇനിയുമൊരു ഓസ്കാര്‍ ലക്ഷ്യം വച്ചാണ് ഷോണ്‍ പെന്‍ (മാത്രമല്ല, ഈ ചിത്രം മുഴുവനായി തന്നെ) പെര്‍ഫോം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമായിട്ടുപോലും.

ആന്തണി ഹോപ്കിന്‍സ്, കേറ്റ് വിന്‍സ്‌ലെറ്റ്, ജൂഡ് ലോ തുടങ്ങിയവര്‍‍ മറ്റു കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

Friday, May 25, 2007

ഗോള്‍


സംവിധാനം : കമല്‍
അഭിനയം : രജിത് മേനോന്‍, അക്ഷ, മുക്ത, റഹ്മാന്‍, മുകേഷ്, സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു
തിരക്കഥ : കലവൂര്‍ രവികുമാര്‍
സംഗീതം : വിദ്യാസാഗര്‍
ഗാനങ്ങള്‍ : വയലാര്‍ ശരചന്ദ്രവര്‍മ്മ
ഛായാഗ്രഹണം : പി സുകുമാര്‍


പുതുമുഖങ്ങളെ വെച്ച് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഫുട്ബോളും പ്രേമവുമെല്ലാം ഇടകലര്‍ത്തി കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍. സ്പോര്‍ട്സിനു പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ കുറവേ ഇറങ്ങിയിട്ടൊള്ളൂവെങ്കില്‍ പോലും ചിത്രത്തിനു ഒരു പുതുമ നല്‍കാന്‍ കമലിനു കഴിഞ്ഞില്ല.

“പണക്കാരുടെ” സ്കൂളില്‍ ഫുട്ബോള്‍ കളിയിലെ അസാമാന്യ വൈഭവം കൊണ്ട് പ്രവേശനം ലഭിക്കുന്ന ആ സ്കൂളിലെ തന്നെ ഗ്രൌണ്ട്സ്‌മാനാണ് സാം (രജിത്ത് മേനോന്‍). അവിടത്തെ ഫുട്ബോള്‍ കോച്ചായ വിജയിന്റെ (റഹ്മാന്‍) ശിങ്കിടി കൂടിയാണ് സാം. അതേ സ്കുളിലെ വിദ്യാര്‍ത്ഥിനിയും വിജയിന്റെ സഹോദര(രി) പുത്രിയുമായ നീതുവിന് (അക്ഷ) സാമിനോടൊരു സോഫ്റ്റ് കോര്‍ണറുണ്ട്. സാമിന്റെ അച്ഛന്‍ (മുകേഷ്) പഴയൊരു പ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും ഇപ്പോള്‍ ഭാര്യയെ നഷ്ടപെട്ടതിനു ശേഷം തകര്‍ന്ന മാനസിക നിലയോടെ ജീവിക്കുന്ന ഒരാളുമാണ്. സ്കൂള്‍ കാന്റീനിലെ ജോലിക്കാരിയായ മറിയ (മുക്ത)യുടെ കുടുംബത്തോടൊപ്പമാണ് സാം താമസിക്കുന്നത്. സ്കൂളിലെ ഹെഡ് മിസ്ട്രസ്സായ മേരീ ലൂക്കോയ്ക്ക് സ്പോര്‍ട്സിനോട് വെറുപ്പാണെങ്കിലും പ്രിന്‍സിപ്പളിന്റെ (ക്യാപ്റ്റന്‍ രാജു) പ്രത്യേക താല്പര്യത്തിനു പുറത്താണ് സ്കൂളിലെ ഫുട്ബോള്‍ ടീം പതിവായി തോല്‍ക്കാറാണെങ്കിലും നിലനില്‍ക്കുന്നത്. ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ഫെലിക്സ് മയക്കു മരുന്ന് ഉപയോഗത്തിനു പുറത്തായി ഗുഡ് ഷെപ്പേര്‍ഡിന്റെ ഫുട്ബോള്‍ വൈരികളായ സെന്റ് സേവ്യേഴ്സില്‍ ചേരുന്നു. സാമിന്റെ ഫുട്‌ബോളിലുള്ള കഴിവു കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനം ഉപേക്ഷിച്ച അവനെ സ്കൂളിലെടുക്കുന്നു. ഇത്രയുമാകുമ്പോഴേക്കൂം ബാക്കിയിനിയെന്തെല്ലാമായിരിക്കുമെന്നു നമുക്കൂഹിക്കാം. അതില്‍ നിന്നും യാതൊരു വിത്യാസവുമില്ലാതെ സിനിമ അവസാനിക്കുകയും ചെയ്യും.

അഭിനേതാക്കളാരും തന്നെ പറയത്തക്ക അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ല. രജിത്തിനെ ഫുട്ബോള്‍ മികവിലാണ് സിനിമയിലെടുത്തതെന്നു തോന്നുന്നു. എങ്കിലും നായികയായ അക്ഷയും (രജിത്തിന്റെ കൂടെ കാണുമ്പോള്‍ അമ്മയോ മൂത്ത ചേച്ചിയോ ആണെന്നു തോന്നും) മുക്തയുമേക്കാള്‍ ഭേദം തന്നെ. റഹ്മാന്‍ മോശം പറയാന്‍ പറ്റില്ല. അതേ സമയം മുകേഷിന്റെ കഥാപാത്രം തികച്ചും അനാവശ്യമായാണ് തോന്നിയത്. തമാശ പറയാനായി കൊണ്ടു വന്നിരിക്കുന്ന സലിംകുമാറിന്റെ അധ്യാപകന്‍ പലപ്പോഴും അറുബോറാണ്.

ഫുട്ബോള്‍ രംഗങ്ങള്‍ ഒട്ടും തന്നെ ആവേശം പകരുന്നില്ലെന്നു മാത്രമല്ല അതിന്റെ ആധിക്യം ചിത്രത്തെ രസംകൊല്ലിയാക്കുന്നു. ചിത്രത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് സുകുമാറിന്റെ ഛായാഗ്രഹണമാണ്. ഗാനങ്ങള്‍ നന്നല്ലെങ്കിലും അതു കൊണ്ട് തന്നെ ചിത്രീകരണം നന്നായിട്ടുണ്ട്.

കമലിനെ പോലൊരു സംവിധായകനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാവുന്ന ചിത്രമല്ല ഗോള്‍.
എന്റെ റേറ്റിംഗ് : 1.5/5

Tuesday, May 15, 2007

പൊസൈഡോണ്‍



എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ലക്ഷ്യം വച്ചു നിര്‍മ്മിച്ചിരിക്കുന്ന ഒരു സസ്പെന്‍സ് ചിത്രം : പൊസൈഡോണ്‍.



നോര്‍ത്ത് അറ്റ്ലാന്റിക് കടലില്‍ അവധിക്കാലം ആഘോഷിക്കുന്ന പൊസൈഡോണ്‍ എന്ന പടുകൂറ്റന്‍ ക്രൂസ് കപ്പല്‍, അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു വന്‍ തിരമാലയില്‍ പെടുമ്പോള്‍, അതിലെ ചില യാത്രക്കാര്‍ കപ്പിത്താന്റെ സുരക്ഷാനിര്‍ദ്ദേശം അവഗണിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ത്രെഡ്. ഗാംബ്ലിംഗ് തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഡൈലാനും കപ്പലില്‍ വച്ച് പരിചയപ്പെടുന്ന മറ്റുചിലരുമാണ് പ്രധാന കഥാപാത്രങ്ങള്‍.





കഥയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ചിത്രം വിജയമാണ്. പൊസൈഡോണ്‍ എന്ന കപ്പലുമായി ബന്ധപ്പെട്ട് ചെയ്തിരിക്കുന്ന സ്പെഷ്യല്‍ എഫക്ട്സും ആകര്‍ഷണീയം.

അപ്രതീക്ഷിതമായ ഹോട്ട് സീനുകളൊന്നും ചിത്രത്തിലില്ലാത്തതുകൊണ്ട് ധൈര്യമായി കണ്ടിരിക്കാം എന്നൊരു ഗുണവുമുണ്ട് :-)


MPAA Rating: PG-13

Monday, May 07, 2007

ഡെവിള്‍ ‍ വെയേഴ്സ് പ്രാഡ



സാമാന്യത്തിലും വളരെയേറെ തിരക്കുപിടിച്ച, ജോലിസുരക്ഷിതത്വം തീരെയില്ലാത്ത ഒരു കോര്‍പ്പറേറ്റ് കമ്പനി. കണക്കില്ലാത്ത അധികാരപരിധിയുടെ ഉടമയും ക്ഷിപ്രകോപിയുമായ വനിതാമേലധികാരി. വേണമെന്നാഗ്രഹിക്കാതെ ഇതിനിടയില്‍ ചെന്നുപെടുന്ന തുടക്കക്കാരിയായ ഒരു ജോലിക്കാരി. മെറില്‍ സ്ട്രീപ്പും ആന്‍ ഹാഥവേയും രസകരമായി അഭിനയിച്ചിരിക്കുന്ന ഒരു എന്റര്‍ടൈനര്‍ - ഡെവില്‍ വെയേഴ്സ് പ്രാഡ.




പേരുകേട്ട ‘റണ്‍വേ’ എന്ന ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായി ചേരാന്‍ ആഗ്രഹിച്ച ആന്‍ഡി (ആന്‍ ഹാഥവേ) എന്ന കോളേജ് ഫ്രഷര്‍ക്ക് കിട്ടുന്നത്, മാഗസിന്റെ എഡിറ്റര്‍ മിരാന്‍ഡാ പ്രസ്‌ലിയുടെ സെക്കന്റ് അസ്സിസ്റ്റന്റ്റ് എന്ന പോസ്റ്റാണ്. ഈ പോസ്റ്റില്‍ താല്പര്യമില്ലാതിരുന്നിട്ടും,
മിരാന്‍ഡായുടെ ഒപ്പം ജോലി ചെയ്യുന്നത് പിന്നീട് കരിയറില്‍ ഏറെ സഹായിക്കുമെന്നതിനാല്‍, ആന്‍ഡി ഈ ജോലി ഏറ്റെടുക്കുന്നു.



മിരാന്‍ഡാ പ്രസ്‌ലി യുടെ അവസാ‍നമില്ലാത്ത ഡിമാന്‍ഡുകളും ഒരിക്കലും അവസാനിക്കാത്ത വര്‍ക്ക് ഡേയും കഠിനമായി ക്ഷമ പരീക്ഷിക്കപ്പെടുന്ന ജോലിപരിതസ്ഥിതികളും ഒക്കെ ആന്‍ഡി തരണം ചെയ്യുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.




ഒരു വശത്ത് മിരാന്‍ഡയെ തൃപ്തിപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ മറുവശത്ത് ആന്‍ഡിയുടെ സ്വകാര്യജീവിതം നഷ്ടപ്പെടുന്നതും വളരെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു.



ഈ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുക സ്ത്രീകള്‍ക്കായിരിക്കും. പക്ഷേ, കോര്‍പ്പറേറ്റ് ജീവിതത്തിന്റെ കടമപൂര്‍ത്തീകരണങ്ങള്‍ക്കിടയില്‍ കരിയര്‍ വേണോ ജീവിതം വേണോ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുള്ള നമ്മളില്‍ പലര്‍ക്കും കൂടി ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും പ്രത്യേകിച്ച്, ടോപ്പ് മാനേജ്മെന്റുമായി നിത്യവും നേരിട്ട് ഇടപെടേണ്ടി വരുന്ന തരം ജോലിയുള്ളവര്‍ക്കും prestigious കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒക്കെ ഈ ചിത്രം പ്രത്യേകമായി ‘ഫീല്‍’ ചെയ്യാന്‍ സാധ്യതയുണ്ട്.

(ചിത്രത്തിന്റെ അവസാനത്തോടടുത്ത് മിരാന്‍ഡാ പ്രസ്‌ലി ആന്‍ഡിയോടായി പറയുന്ന ഒരു വാചകം രസകരമായി തോന്നി “Everybody wants what we have, everybody want the charm we have, they just pretend they dont". ഗ്ലാമറസ് കോര്‍പ്പറേറ്റ് ലൈഫിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഈയൊരു കാര്യം സത്യമാണ് എന്ന് തോന്നുന്നു)

ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നടിയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും മെറില്‍ സ്ട്രീപ്പിന് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഡെവിള്‍ വെയേഴ്സ് പ്രാഡ. ലോറന്‍ വെയ്സ്ബെര്‍ഗറുടെ ഒരു ബെസ്റ്റ് സെല്ലര്‍ നോവല്‍ ആണ് ഈ ചിത്രത്തിനാധാരം.

ചിത്രത്തിലെ എടുത്തുപറയാവുന്ന മറ്റൊരു സാന്നിദ്ധ്യം സ്റ്റാന്‌ലി ടുച്ചി ആണ്. ‘ഷാല്‍ വീ ഡാന്‍സ്‘-ലെ നായകന്റെ ഗേ കൊളീഗ്, ‘ദി ടെര്‍മിനല്‍‘-ലെ എയര്‍പോര്‍ട്ട് മാനേജര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച/ശ്രദ്ധ ആകര്‍ഷിച്ച സ്റ്റാന്‍ലി, കോര്‍പ്പറേറ്റ് ലൈഫില്‍ തുടക്കക്കാരിയായ ആന്‍ഡിയ്ക്ക് ഓഫീസില്‍ നല്ലൊരു സീനിയര്‍ സുഹൃത്തായ നിഗേല്‍ എന്ന കഥാപാത്രത്തെ ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു.

Saturday, May 05, 2007

ദി ഹോളിഡേ



കാമുകന്മാരാല്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ചിത്രം : ദി ഹോളിഡേ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രസകരമായ അവതരണം. കാഴ്ചക്കാരെ അവസാനം വരെ താല്പര്യപൂര്‍വ്വം പിടിച്ചിരുത്തുന്നതില്‍ സംവിധായിക നാന്‍സി മെയേഴ്സ് (What women want, Something's gotta give) അങ്ങേയറ്റം വിജയിച്ചിരിക്കുന്നു.

ഹോളിവുഡില്‍ സിനിമകള്‍ക്ക് ട്രെയ്‌ലര്‍ തയ്യാ‍റാക്കുന്ന, പണക്കാരിയായ അമാന്‍ഡ (കാമറൂണ്‍ ഡയസ്), ലണ്ടനിലെ ഒരു കൊച്ചുഗ്രാമത്തില്‍ എഴുത്തുകാരിയായ ഐറിസ് (കേറ്റ് വിന്‍സ്‌ലെറ്റ്) എന്നിവര്‍ മേല്‍പ്പറഞ്ഞ പ്രശ്നത്തിലൂടെ കടന്നുപോകുകയാണ്. ഈ ഗുലുമാലുകളില്‍ നിന്ന് ഒന്ന് തലയൂരാന്‍ ഇരുവരും കാത്തിരിക്കുമ്പോഴാണ്, വെക്കേഷനുവേണ്ടി വീടുകള്‍ എക്സ്ചേഞ്ച് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഏജന്‍സി വഴി അമാന്‍ഡയും ഐറിസും പരസ്പരം വീടുകള്‍ മാറിത്താമസിക്കാന്‍ ഇടയാകുന്നത്.



പുതിയ രാജ്യങ്ങളില്‍ പുതിയ വീടുകളില്‍ ഇരുവരും താമസമാക്കുന്നതും തുടര്‍ന്ന് രസകരമായ കൊച്ചുകൊച്ചുസംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നതും വളരെ ആസ്വാദ്യകരമായി പകര്‍ത്തിയിരിക്കുന്നു.



കഥാഘടനയില്‍ ഒരല്പം silliness ഉണ്ടെങ്കിലും, അത് ചിത്രത്തെ ബാധിക്കാതെയും കാണുന്നവരെ നിരാശരാക്കാതെയും സംവിധായിക കഥ പറഞ്ഞ് അവസാനിപ്പിക്കുന്നു. എതെങ്കിലും രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെ ഇന്റിമേറ്റായ സൌഹൃദസംഭാഷണരംഗങ്ങള്‍ വളരെ ആകര്‍ഷകമായി ചിത്രീകരിച്ചിരിക്കുന്നു.

ജാക്ക് ബ്ലാക്ക് (നാച്ചോ ലിബ്രേ), ജൂഡ് ലോ (All the king's men) എന്നിവരും ശ്രദ്ധേയമായ, മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നു.




‘പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ ചിത്രം വളരെയിഷ്ടപ്പെടുമെന്നാണ് എന്റെ (വീട്ടിലെ) അനുഭവം‘ :-)